Above Pot

കാസർകോഡ് യൂത്ത് കോൺഗ്രസുകാരെ കൊലപ്പെട്ടുത്തിയത് ക്വട്ടേഷൻ സംഘം

കാസർകോഡ് : പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയത് കൃത്യമായ പരിശീലനം ലഭിച്ച പുറത്ത് നിന്നെത്തിയ മൂന്നംഗ സംഘമാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കല്യോട്ട് കൂരാങ്കര സ്വദേശി ജോഷി എന്ന ശരത് ലാല്‍ (19), കല്യോട്ട് ക്ഷേത്രത്തിന് സമീപത്തെ കൃപേഷ് (24) എന്നിവരാണ് ഇന്നലെ രാത്രി 8.30ഓടെ കല്യോടിനടുത്ത തന്നിത്തോട്- കൂരാങ്കര റോഡില്‍വച്ച്‌ കൊല്ലപ്പെട്ടത് . സംഭവം രാഷ്ട്രീയ കൊലപാതകമെന്നും സി പി എം ആണ് കൊലപാതകത്തിന് പിന്നിൽ എന്ന് പൊലീസ് എഫ്.ഐ.ആര്‍.

First Paragraph  728-90

കൊടുവാളും മഴുവും ഉപയോഗിച്ച്‌ തല വെട്ടി പിളര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിച്ചത്. പ്രൊഫഷണല്‍ സംഘം നടത്തുന്ന കൊലപാതക രീതിയാണ് കൊല നടത്താന്‍ സംഘം ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെട്ട സംഘത്തെ കുറിച്ച്‌ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
കൃപേഷിന്റേയും ശരത് ലാലിന്റെയും കൊലപാതകം സംബന്ധിച്ച്‌ കാസര്‍കോട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി.എം പ്രദീപ് കുമാര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍, വെട്ടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വാളിന്റെ ഒരു കഷണം എന്നിവ കണ്ടെത്തിയിട്ടുണ്ട്. അക്രമത്തിന് ഉപയോഗിച്ച പ്രധാന ആയുധങ്ങളെല്ലാം സംഘം വന്ന വാഹനത്തില്‍ തന്നെ കടത്തിയിരുന്നു. ജീപ്പിലെത്തിയ സംഘം ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ശരത്തിനെയാണ് സംഘം ആദ്യം വെട്ടിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കൃപേഷിനെ വളഞ്ഞിട്ട് വെട്ടുകയായിരുന്നു.

ശരത്തിന്റെ വീടിന്റെ സമീപവാസികളായ രണ്ടു കുടുംബങ്ങള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് അടുത്ത ബന്ധു ഗോവിന്ദന്‍ ആരോപിച്ചു. യുവാവിന് നേരെ നേരത്തെ വധഭീഷണി ഉണ്ടായിട്ടും പൊലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു. കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ സംഭവ സ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കി. പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച കൃപേഷിന്റേയും ശരത്തിന്റെയും മൃതദേഹങ്ങള്‍ ആദൂര്‍ സി.ഐ എ.എം മാത്യു, കുമ്ബള സി.ഐ കെ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.

മാരകമായ വെട്ടുകളാണ് ശരീരങ്ങളിലുള്ളത്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ ഇന്നലെ രാത്രി വൈകി പൊലീസ് നടത്തിയ അന്വേഷണത്തില്‍ വധ ഗൂഢാലോചന സംബന്ധിച്ച സൂചനകളും ലഭിച്ചിട്ടുണ്ട്. ആസൂത്രിതമായ കൊലപാതകമാണെന്ന് തന്നെയാണ് വിലയിരുത്തല്‍. ആളൊഴിഞ്ഞ സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തത്. അക്രമത്തിന് ശേഷം റോഡിലൂടെ പോയവരാണ് സംഭവം കാണുന്നത്. ശരത്തിനെ ആദ്യം കണ്ടെങ്കിലും കൃപേഷിനെ 150 മീറ്റര്‍ അകലെ കുറ്റിക്കാട്ടിലാണ് രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

കൊലപാതകം നടത്തിയതിന് ദൃക്‌സാക്ഷികള്‍ ആരും ഇല്ലാത്തതും കൊലയാളികള്‍ക്ക് രക്ഷപെടല്‍ എളുപ്പമാക്കി. രക്തത്തില്‍ കുളിച്ചു കിടന്ന യുവാക്കളെ ഏറെ നേരത്തിന് ശേഷമാണ് ആളുകള്‍ കാണുന്നത് .അരും കൊലകള്‍ കണ്ണൂര്‍ മോഡലില്‍ ആസൂത്രിതമായാണ് നടപ്പിലാക്കിയതെന്നു കോണ്‍ഗ്രസ് പറയുമ്ബോഴും കൊല നടത്തിയത് ആരെന്നു കണ്ടെത്താന്‍ കഴിയാത്തത് പൊലീസിനും വലിയ തലവേദന ആയിട്ടുണ്ട്.

ബൈക്ക് യാത്രക്കാര്‍ ആയിരുന്ന ഇരുവരും വെട്ടേറ്റു വീണു കിടക്കുന്നത് കണ്ടു എന്നാണ് ആശുപത്രിയില്‍ എത്തിച്ചവര്‍ പറഞ്ഞത്. മറ്റു കാര്യങ്ങള്‍ ആര്‍ക്കും അറിയില്ല. മുച്ചിലോട്ട് പെരുങ്കളിയാട്ടം സംഘാടക സമിതി രൂപീകരണം യോഗം കഴിഞ്ഞു മടങ്ങിയവരെ ആണ് വെട്ടി കൊന്നത്. ഇവിടെ സി.പി.എം -കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കുറേനാളായി ഉരസല്‍ ഉണ്ടായിരുന്നു. ഇപ്പോഴത്തെ കൊലപാതകം നേരത്തെ സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തെ അക്രമിച്ചതിലുള്ള പ്രതികാരമായാണെന്ന് പറയുന്നുണ്ട്.

മുന്നാട് പീപ്പിള്‍സ് കോളജില്‍ വിദ്യാര്‍ത്ഥികളായ കല്യോട്ടെ യുവാക്കളെ സ്ഥിരമായി ആക്രമിക്കുന്നു എന്ന് ആരോപിച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് ബസ് തടഞ്ഞ് സി പി എം പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. സി പി എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം ഏച്ചിലടുക്കത്തെ എ പീതാംബരന്‍, കേരളാ പ്രവാസി സംഘം വില്ലേജ് സെക്രട്ടറി കല്യോട്ടെ എ സുരേന്ദ്രന്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പിക്കുകയാണ് ചെയ്തത്. ഈ സംഭവത്തില്‍ കൃപേഷ് അടക്കം 11 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇതിനു ശേഷം പലപ്പോഴായി പെരിയയിലും പരിസരങ്ങളിലും സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കളും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി വിലാപയാത്രയായി കല്യോട്ടേക്ക് കൊണ്ടുവരും