കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനത്തിന് അനുമതിയില്ല :സുപ്രീം കോടതി
ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നിഷേധിച്ചു . മെഡിക്കല്‍ പ്രവേശനത്തില്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. വിദ്യാര്‍ഥികളില്‍ നിന്ന് പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയിട്ടുണ്ടോ എന്നും അന്വേഷിക്കണം. പ്രവേശനമേല്‍നോട്ട സമിതിയാണ് അന്വേഷണം നടത്തേണ്ടത്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ 2016-17 വര്‍ഷം പ്രവേശനം നേടിയ 150 വിദ്യാര്‍ഥികളെ സുപ്രീംകോടതി തന്നെ പുറത്താക്കിയിരുന്നു. ഈ വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയ ഫീസ് കോളേജ് ഇരട്ടിയായി തിരിച്ചുനല്‍കണമെന്ന ഉത്തരവും സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. പക്ഷേ ഇത് സംബന്ധിച്ച് തര്‍ക്കം വന്നു. വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയത് പത്ത് ലക്ഷം രൂപയാണെന്നും 20 ലക്ഷം രൂപ തിരികെനല്‍കിയെന്നും കോളേജുകള്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന്റെ മേല്‍നോട്ടസമിതി അറിയിച്ചത് വിദ്യാര്‍ഥികളില്‍ നിന്ന് 30ലക്ഷം മുതല്‍ 40 ലക്ഷം വരെ വാങ്ങിയിട്ടുണ്ട് എന്നായിരുന്നു. ഈ ആശയക്കുഴപ്പം സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കോളേജുകള്‍ തലവരിപ്പണമായി വാങ്ങിയ തുക എത്രയാണെന്നും അത് ഇരട്ടിയായി തിരികെനല്‍കിയോ എന്നുമാണ് പ്രവേശനമേല്‍നോട്ടസമിതി അന്വേഷിക്കേണ്ടത്. പ്രവേശന സമയ കാലാവധി കഴിഞ്ഞുപോയതിനാല്‍ ഈ വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് പ്രവേശനം നടത്താന്‍ അനുമതി നല്‍കില്ലെന്നും കോടതി അറിയിച്ചു.<