Post Header (woking) vadesheri

കേച്ചേരി കല്ലട ബാറിലെ ആക്രമണം , ആറ് പേർ അറസ്റ്റിൽ

Above Post Pazhidam (working)

കുന്നംകുളം : കേച്ചേരി കല്ലട ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച കേസിലെ ആറ് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം വാഹനം ഉപേക്ഷിച്ച് പാടത്തുകൂടി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സിനിമാ സ്റ്റൈലിൽ പിന്തുടർന്നാണ് വലയിലാക്കിയത്.

ആക്രമണത്തിന് നേതൃത്വം നൽകിയ പ്രധാന പ്രതി വെങ്കിടങ്ങ് പാടൂർ മമ്മസ്ര ഇല്ലാത്ത് വീട്ടിൽ സിയാദ് (30), കേച്ചേരി ചി റന്നല്ലൂർ നാട്ടിൽ വീട്ടിൽ ശ്രീരാഗ് പി.എസ് (24), ചൂണ്ടൽ പാറന്നൂർ കല്ലിങ്ങൽ വീട്ടിൽ കെ.എസ് രാഹുൽ എന്ന കുട്ടൂസ് (29), കേച്ചേരി ചെല്ലേപറമ്പിൽ വീട്ടിൽ സി.പി വിഷ്ണു (28), പെരുമ്പടപ്പ് വന്നേരി തെക്കുംകാട്ടിൽ വീട്ടിൽ ടി. മുബഷിർ (19), പാവറട്ടി വെന്മേനാട് വൈശ്യം വീട്ടിൽ വി.എം റാഷിദ് (30) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ട് 6.30-ഓടെയാണ് കേച്ചേരി കല്ലട ബാറിൽ നാടകീയമായ അക്രമസംഭവങ്ങൾ അരങ്ങേറിയത്. പാവറട്ടി, കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധികളിലെ സാമൂഹ്യവിരുദ്ധരടക്കം എട്ടുപേരടങ്ങുന്ന സംഘമാണ് ബാറിൽ മദ്യപിക്കാനെത്തിയ കേച്ചേരി ചിറനല്ലൂർ സ്വദേശിയായ കബീറിനെ (38) ക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ കബീറിനെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാറിൽ സംഘർഷം നടക്കുന്ന വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും പ്രതികൾ അവിടെനിന്ന് കടന്നുകളഞ്ഞിരുന്നു. തുടർന്ന് അക്രമികളെ തിരിച്ചറിഞ്ഞ പോലീസ്, പ്രതികളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവരുടെ ഒളിത്താവളം കണ്ടെത്തിയത്.
പോലീസ് തങ്ങളെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ രക്ഷപ്പെടാനായി ഉപയോഗിച്ച വാഹനം വഴിയിൽ ഉപേക്ഷിക്കുകയും, സമീപത്തെ പാടത്തുകൂടി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ പോലീസ് സംഘം വിട്ടുകൊടുക്കാതെ പിന്നാലെ ഓടി ഇവരെ കീഴടക്കുകയായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കുന്നംകുളം പോലീസ് അറിയിച്ചു.