
അടാട്ട് പഞ്ചായത്തിൽ തെരുവ് നായകൾക്കായി ഡോഗ് ഷെൽട്ടർ

തൃശൂർ : അടാട്ട് ഗ്രാമപഞ്ചായത്ത് കാവൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തെരുവ് നായരഹിത പദ്ധതിയുടെ ഭാഗമായി, അടാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന നായ്ക്കുഞ്ഞുങ്ങളെ താൽക്കാലികമായി പാർപ്പിക്കുന്നതിനായി നിർമ്മിച്ച ഡോഗ് ഷെൽട്ടർ ഷെഡിന്റെ ഉദ്ഘാടനം സിനിമ-നാടക നടൻ ഗോപാലൻ അടാട്ട് നിർവഹിച്ചു.
പുഴയ്ക്കൽ റിവർ ടൂറിസം വില്ലേജിൽ പ്രവർത്തിക്കുന്ന ബാരിസ്റ്റർ ക്ലബ്ബ് ആണ് ഷെൽട്ടർ സ്പോൺസർ ചെയ്തത്. അടാട്ട് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന നായ്ക്കുഞ്ഞുങ്ങളെ ഇവിടെ താൽക്കാലികമായി സംരക്ഷിക്കുകയും പിന്നീട് വളർത്താൻ താൽപര്യമുള്ളവർക്ക് കൈമാറുകയും ചെയ്യും.
ഗ്രാമപഞ്ചായത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സമഗ്ര തെരുവ് നായ നിയന്ത്രണ പദ്ധതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് നിലവിൽ കാവൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. തെരുവ് നായകളുടെ എണ്ണം മാനുഷികവും പ്രായോഗികവുമായ രീതിയിൽ നിയന്ത്രിക്കുന്നതിന് ഈ സംരംഭം സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.
ഷെൽട്ടർ ഉദ്ഘാടന ചടങ്ങിൽ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കര, ബാരിസ്റ്റർ ക്ലബ്ബ് ഭാരവാഹികളായ അഡ്വ. ഷാജി ജെ. കോടൻകണ്ടത്ത്, അഡ്വ. മൗനീഷ്, അഡ്വ. ജനീഷ് ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.ഡി. വിൽസൺ, രത്നവല്ലി സത്യൻ, എസ്.ഡി. രാജീവ്, സോഫി സുനിൽ, അജിത കൃഷ്ണൻ, ജിനോ ജേക്കബ്, എം.എസ്. സദാശിവൻ, പി.ജെ. സണ്ണി എന്നിവരും കാവൽ കൂട്ടായ്മ പ്രസിഡന്റ് സിനോയ് അടാട്ട് എന്നിവർ സംസാരിച്ചു.
.
