
ഗുരുവായൂരിൽ പോലീസിന്റെ വിളക്കാഘോഷം

ഗുരുവായൂർ : ക്ഷേത്രത്തിൽ പോലീസ് ഏകാദശി വിളക്കാഘോഷിച്ചു.മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സായാഹ്നം ലോ ആൻഡ് ഓർഡർ ആൻഡ് സൈബർ ഓപ്പറേഷൻസ് എഡിജിപി പി. വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു. റിട്ടയേഡ് എസ്.പി ആർ.കെ ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. സിനി താരങ്ങളായ ഉണ്ണിമുകുന്ദൻ, ആശാ ശരത്,രചന നാരായണൻകുട്ടി എന്നിവർ വിശിഷ്ടാതിഥികളായി.

സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐപിഎസ്,
തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ ഐപിഎസ്, തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസിപി പി.ആർ ബിജോയ്, ദേവസ്വം മെമ്പർ ബാലഗോപാൽ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.വി പ്രദീപ്കുമാർ, എസിപി എം. സുരേന്ദ്രൻ, ടെമ്പിൾ ഇൻസ്പെക്ടർ കെ.ജി ജയപ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
വിളക്കിനോടനുബന്ധിച്ച് രാവിലെ ഏഴിന് കക്കാട് രാജപ്പൻ മാരാരുടെ മേളത്തോടെ കാഴ്ച്ച ശീവേലി, കിഴക്കേ നടപ്പന്തൽ മേളം, ഉച്ചയ്ക്ക് മൂന്നിന് ക്ഷേത്രത്തിനകത്ത് മേളം എന്നിവ നടന്നു. വൈകീട്ട് കക്കാട് അതുൽ മാരാർ, ചെറുശ്ശേരി അർജ്ജുൻ മാരാർ എന്നിവരുടെ ഡബിൾ തായമ്പക, രാത്രി 9ന് വിളക്കെഴുന്നള്ളിപ്പ് എന്നിവ ഉണ്ടായി. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ പോലീസ് കുടുംബാംഗങ്ങളുടെയും മറ്റ് കലാകാരന്മാരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. പോലീസ് വിളക്കിനോടനുബന്ധിച്ച് ക്ഷേത്രം അലങ്കാര ദീപങ്ങളാൽ നിറഞ്ഞു .
