തുണിക്കടയില്‍ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങി തട്ടിപ്പ്
ഗുരുവായൂർ: ആല്‍ത്തറയിലെ തുണിക്കടയില്‍ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങി തട്ടിപ്പ്. സി സി ടിവി ദൃശ്യം സഹിതം കടയുടമ വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി. ആല്‍ത്തറ കുന്നത്തൂരുള്ള തുണിക്കടയിലാണ് തട്ടിപ്പ് നടന്നത്. 2000 രൂപയുടെ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 10. 30തോടെയാണ് ഹെല്‍മറ്റ് ധരിച്ച് കടയില്‍ എത്തിയ യുവാവ് 900 രൂപക്ക് കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ വാങ്ങിയത്. തുടര്‍ന്ന് 2000 രൂപയുടെ നോട്ട് നല്‍കുകയായിരുന്നു. സ്ഥാപനയുടമ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ജീവനക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. ഉടമയെത്തി പണം പരിശോധിച്ചപ്പോഴാണ് നോട്ട് വ്യാജമെന്ന് തിരിച്ചറിയുന്നത്.
ഒറ്റനോട്ടത്തില്‍ തന്നെ വ്യാജമെന്ന് തിരിച്ചറിയുന്ന രീതിയിലുള്ള നോട്ടാണ് നല്‍കിയിട്ടുള്ളത്. സാധാരണയുള്ള നോട്ടിനേക്കാളും കട്ടി കൂടുതലാണ്. അച്ചടിയിലും പ്രകടമായ വ്യത്യാസങ്ങളുണ്ട്. തട്ടിപ്പ് നടത്തിയ ആളുടെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സി.സി.ടി.വിക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.