Madhavam header
Above Pot

തൃശൂർ പൂരം നടത്തിപ്പ്:  സർക്കാരിൽ നിന്ന് പ്രത്യേക അനുമതി തേടും : ജില്ലാ കലക്ടർ 

Astrologer

തൃശൂർ: കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങളെ പരമാവധി കുറച്ചു തൃശൂർ പൂരം നടത്താൻ വ്യക്തമായ പ്ലാൻ തയ്യാറാക്കി സർക്കാരിനു സമർപ്പിക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് പറഞ്ഞു.

കലക്ടറുടെ ചേംബറിൽ പൂരം കോർ കമ്മറ്റി യോഗത്തിലാണ് ജില്ലാ കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.

പൂരത്തിൻ്റെ എല്ലാ ആചാര ചടങ്ങുകളും ഉൾപ്പെടുത്തി തന്നെ ജനങ്ങളെ പരമാവധി കുറയ്ക്കാനുള്ള സാധ്യത പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയാണ് പൂരം നടത്തിപ്പിന് സർക്കാരിൻ്റെ പ്രത്യേക അനുമതി തേടുക. ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

പൂരം എഴുന്നള്ളിപ്പിന് അണിനിരത്തേണ്ട ആനകളുടെ എണ്ണം, സാംപിൾ വെടിക്കെട്ട്, വെടിക്കെട്ട്, പൂരം എക്സിബിഷൻ എന്നിവ അതേപടി നടത്തുന്നതിലുള്ള തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോർഡുകളുടെ ആവശ്യങ്ങളും സർക്കാരിനു നൽകുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

ചെറുപൂരങ്ങളിൽ എത്ര ആനകളെയും ആളുകളെയും ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ 9 ന് കലക്ടറേറ്റിൽ ചേരുന്ന അടുത്ത യോഗത്തിൽ തീരുമാനിക്കും.
പോലീസ്, ആരോഗ്യ വകുപ്പ് റിപ്പോർട്ടുകളെ ആശ്രയിച്ചാണ് ജനങ്ങളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്നും കലക്ടർ വ്യക്തമാക്കി.

ആനകളെ എഴുന്നള്ളിക്കുന്നതിനു ആനിമൽ ഹസ്ബൻഡറി, വൈൽഡ് ലൈഫ് എന്നിവയുടെ അനുമതിയും തേടേണ്ട സാഹചര്യമുള്ളതിനാൽ ഇരു മേധാവികളെയും അടുത്ത യോഗത്തിൽ ഉൾപ്പെടുത്തും.

പൂരം എക്സിബിഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട് ലേ ഔട്ട് നൽകണമെന്ന് ജില്ലാ കലക്ടർ ഇരു ദേവസ്വം പ്രതിനിധികളോടും ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചു മാത്രമേ ഇത്തരത്തിൽ എക്സിബിഷനു സാധ്യത കാണുന്നുവെന്നുള്ളതു കലക്ടർ ഇരു ദേവസ്വം പ്രതിനിധികളോടും പ്രത്യേകം ചൂണ്ടിക്കാട്ടി.

അനിയന്ത്രിതമായ രീതിയിൽ ആൾക്കൂട്ടമുണ്ടായാൽ കോവിഡ് വ്യാപനം കൂടാൻ സാധ്യതയുള്ളതായി യോഗത്തിൽ പങ്കെടുത്ത ഡി എം ഒ കെ ജെ റീന അറിയിച്ചു. മുൻ കാലങ്ങളെ പോലെ പൂരം നടത്തിയാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യയും വ്യക്തമാക്കി.

എല്ലാ ചടങ്ങുകളും പൂരത്തിൽ വേണമെന്ന് ഇരുദേവസ്വങ്ങളും ആവശ്യപ്പെട്ടു. ആളുകളെ പരമാവധി കുറയ്ക്കാൻ തയ്യാറാണെന്ന് പാറേമക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അറിയിച്ചു.

പുറത്തേയ്ക്കെക്കെഴുന്നള്ളിപ്പിന് 15 ആനകളെ അണിനിരത്തുന്നത് ചടങ്ങിൻ്റെ ഭാഗമാണെന്നും രാത്രി പൂരത്തിൽ 7 ആനകൾ മതിയെന്നും പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ അറിയിച്ചു.

തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് മഠത്തിലേക്ക് 3 ആന എഴുന്നള്ളിപ്പും മഠത്തിൽ വരവ് പഞ്ചവാദ്യവും ഇതിൽ അണിനിരക്കുന്ന ആനകളും പിറ്റേന്നത്തെ എഴുന്നള്ളിപ്പിനുള്ള ആനകളെയും ആചാരപരമായി തന്നെ ഉൾപ്പെടുത്തണമെന്നും തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ അറിയിച്ചു.

പൂരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏവരും സഹകരിച്ച് നടത്തണമെന്നും മേയർ എം കെ വർഗീസ് അഭിപ്രായപ്പെട്ടു.

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ബി നന്ദകുമാർ, തൃശൂർ തഹസിൽദാർ കെ എസ് സുധീർ, പാറമേക്കാവ് ദേവസ്വം പ്രസിഡൻ്റ് സതീഷ് മേനോൻ, സെക്രട്ടറി ജി രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് ചന്ദ്രശേഖരൻ, സെക്രട്ടറി രവികുമാർ, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു.

Vadasheri Footer