സർക്കാരിന് 10 കോടി ദാനം കൊടുത്ത ഗുരുവായൂർ ദേവസ്വം, കക്കൂസ് നിർമിക്കാൻ ഭിക്ഷ യാചിക്കുന്നതിൽ ഭക്തർക്കിടയിൽ പ്രതിഷേധം
ഗുരുവായൂര്‍: മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി ദാനം കൊടുത്ത ഗുരുവായൂർ ദേവസ്വം കക്കൂസ് നിർമിക്കാൻ ഭിക്ഷ യാചിക്കുന്നതിൽ ഭക്തർക്കിടയിൽ കടുത്ത പ്രതിഷേധം. ഭക്തർ സ്വമേധയാ വഴിപാടുകൾ ആയി ഇത് ചെയ്ത് കൊടുക്കുമെന്നിരിക്കെ മാധ്യമങ്ങളിൽ കൂടി ഭിക്ഷ യാചിക്കുന്നുത് ഭഗവാനെ സമൂഹ മധ്യത്തിൽ അപകീർത്തി പെടുത്താനാണെന്നാണ് ഭക്തരുടെ വികാരം . 1,500 കോടി രൂപയോളം വിവിധ ബാങ്കുകളിൽ ആയി സ്ഥിര നിക്ഷേപമുള്ള ഭഗവാന് വേണ്ടിയാണ് രാഷ്ട്രീയ പാർട്ടികൾ ബക്കറ്റ് പിരിവുമായി വരുന്നതുപോലെ ഗുരുവായൂർ ദേവസ്വം ഇറങ്ങിയിട്ടുള്ളത്
ശ്രീഗുരുവായൂരപ്പന്റെ പേരില്‍ ഭിക്ഷയ്ക്കിറങ്ങിയ ദേവസ്വം നിലപാടില്‍ ഭൂരിഭാഗം ഭരണസമിതി അംഗങ്ങൾക്കും പ്രതിഷേധം ഉണ്ട് എന്നറിയുന്നു. പത്തുകോടി രൂപ യാതൊരു ദയാദാക്ഷീണ്യവുമില്ലാതെ രണ്ടുതവണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭവന ചെയ്ത ഗുരുവായൂര്‍ ദേവസ്വമാണിപ്പോള്‍, ശൗച്യാലയം നവീകരിയ്ക്കാന്‍ 90-ലക്ഷത്തോളം രൂപ ഭക്തരോട് ഭിക്ഷയാചിയ്ക്കുന്നത്. ഭരണസമിതി ചേരുകയോ, അംഗങ്ങളുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെ എടുത്ത തീരുമാനമാണിതെന്ന് ഭരണസമിതി അംഗങ്ങളില്‍ പലരും ആരോപിയ്ക്കുന്നു. ദേവസ്വം ചെയര്‍മാനും, അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്ന് ഏകപക്ഷീയമായിട്ടാണ് ഈ തീരുമാനമെടുത്തതെന്നും ആരോപിച്ച് മറ്റു ഭരണസമിതി അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
ക്ഷേത്രത്തിലും, പുറത്തുമായി കോടികളുടെ വഴിപാടുകള്‍ ദേവസ്വം ആരോടും കൈനീട്ടാതെതന്നെ ഭക്തര്‍ സ്വയം നല്‍കിയതാണ്. അതൊന്നും ദേവസ്വം രേഖാമൂലം ആവശ്യപ്പെട്ടിട്ടുള്ളതുമല്ല. ശൗച്യാലയ നവീകരണത്തിനായി വഴിപാട് സമര്‍പ്പിയ്ക്കാന്‍ ആഗ്രഹമുള്ള ഭക്തരെ തേടി കഴിഞ്ഞ ദിവസമാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വാര്‍ത്താകുറിപ്പിറക്കിയത്. ദേവസ്വം ഓഫീസിനുമുന്നിലെ പാഞ്ചജന്യം അനക്‌സിനോടുചേര്‍ന്നുള്ള ശൗച്യാലയമാണ് നവീകരിയ്ക്കാന്‍ ദേവസ്വം ഭക്തരോട് ഭിക്ഷയാചിയ്ക്കുന്നത്. ഭക്തര്‍ ദേവസ്വത്തോടാവശ്യപ്പെട്ട് വഴിപാടുകള്‍ സമര്‍പ്പിയ്ക്കുന്നത് സാധാരണമാണ്.
എന്നാല്‍ വഴിപാടുകാരെ തേടി ദേവസ്വം കൈനീട്ടുന്നത് ശ്രീഗുരുവായൂരപ്പനോടും, ഗുരുവായൂരപ്പ ഭക്തരോടും കാണിയ്ക്കുന്ന നെറികേടാണെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. ദേവസ്വത്തിന്റെ ഈ നാണംകെട്ട തീരുമാനത്തിനെതിരെ ഭക്തജനങ്ങളും ശക്തമായ പ്രതിഷേധത്തിലാണ്. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ചെയര്‍മാനേയും, അംഗങ്ങളെയും വെറും നോക്കുകുത്തികളാക്കിയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം നടത്തുന്നതെന്ന ആരോപണത്തിന് മകുടോദാഹരണമാണ് കഴിഞ്ഞ ദിവസം അഡ്മിനിസ്‌ട്രേറ്റര്‍ ഇറക്കിയ വഴിപാടുകാരെ തേടിയുള്ള പത്രകുറിപ്പ്.