കെ പി വിശ്വനാഥൻ അന്തരിച്ചു
തൃശൂർ: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 9.35 നായിരുന്നു അന്ത്യം. രണ്ടുവട്ടം മന്ത്രിയും ആറുവട്ടം നിയമസഭാംഗവുമായിരുന്നു കെ പി വിശ്വനാഥൻ.
തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ച വിശ്വനാഥന്‍, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. അഭിഭാഷകൻ കൂടിയായിരുന്നു കെ.പി വിശ്വനാഥൻ. യൂത്ത് കോൺഗ്രസ് വഴിയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1967 മുതൽ 1970 സംഘടനയുടെ തൃശൂർ ജില്ലാ പ്രസിഡൻറായിരുന്നു.
1970ല് കുന്നംകുളത്തുനിന്ന് ആദ്യതവണ മത്സരിച്ചപ്പോള് പരാജയപ്പെട്ടു. പിന്നീട് 1977ലും 1980ലും ജയിച്ചു. 1982ലെ തിരഞ്ഞെടുപ്പില്‍ തോറ്റു. 1987 മുതല്‍ 2001 വരെ കൊടകര മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991-ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ആദ്യമായി വനംമന്ത്രിയായി. പിന്നീട് 2004-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും വനംവകുപ്പ് മന്ത്രിയായി. രണ്ടുതവണയും കാലാവധി പൂര്‍ത്തിയാക്കാതെ രാജിവെക്കേണ്ടി വന്നു. 2006, 2011 തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും സിപിഎമ്മിലെ സി രവീന്ദ്ര നാഥിനോട് പരാജയപ്പെട്ടു
വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിലും വനസംരക്ഷണത്തിലും കൈവരിച്ച പ്രകടനത്തിന് ആന്റി നർക്കോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡ് നേടിയിട്ടുള്ള അദ്ദേഹത്തിന് തൃശൂർ ഏർപ്പെടുത്തിയ മികച്ച പാർലമെന്റേറിയൻ അവാർഡും (മാതൃക സമാജിക്) ലഭിച്ചിട്ടുണ്ട്. കെപിസിസി എക്സിക്യൂട്ടീവ് അംഗം, തൃശൂർ ഡി.സി.സി സെക്രട്ടറി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗം, ഖാദി ബോർഡ് അംഗം, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം, തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ചെയർമാൻ, ഡയറക്ടർ എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഏറെ നാളായ സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു