കെ.എം.ഷാജിക്ക് എം.എൽ.എ ക്ക് നിയമ സഭ സമ്മേളനത്തിൽ പങ്കെടുക്കാം ,ആനുകൂല്യങ്ങൾ കൈപ്പറ്റാനാകില്ല

">

ദില്ലി: കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് എം.എൽ.എയായി നിയമസഭയിൽ എത്തുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതിയുടെ വാക്കാൽ പരാമര്‍ശം. എന്നാൽ ഹൈക്കോടതി വിധിക്കെതിരെയുള്ള കെ.എം.ഷാജിയുടെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തനിക്കെതിരായ വിധിക്കെതിരെ കെ.എം.ഷാജിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി അനുവദിച്ച സ്റ്റേയുടെ കാലാവധി നാളെ അവസാനിക്കും. കേസ് വേഗം പരിഗണിക്കണമെന്ന് രാവിലെ കെ.എം.ഷാജിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങൾ. ഒരു തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുമ്പോൾ ഇറക്കുന്ന ഉത്തരവ് തന്നെ ഈ കേസിലും ഉണ്ടാകുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, അതുപ്രകാരം കെ.എം.ഷാജിക്ക് എം.എൽ.എയായി നിയമസഭയിൽ എത്താൻ തടസമില്ലെന്ന് പറഞ്ഞു. എന്നാൽ കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ആനുകൂല്യങ്ങൾ കൈപ്പറ്റാനാകില്ല. ഹൈക്കോടതി വിധിക്കുള്ള സ്റ്റേ നാളെ അവസാനിക്കുകയാണെന്നും കേസ് തിങ്കളാഴ്ച പരിഗണിക്കണമെന്നും അഭിഭാഷകൻ വീണ്ടും ആവശ്യപ്പെട്ടെങ്കിലും കോടതി അതിന് തയ്യാറായില്ല. സ്റ്റേ ഉത്തരവിന്‍റെ ബലത്തിൽ എം.എൽ.എയായി തുടരാൻ ആണോ കെ.എം.ഷാജി ആഗ്രഹിക്കുന്നതെന്ന് കോടതി ചോദിച്ചു. ഉത്തരവൊന്നും ഇറക്കാതെ വാക്കാൽ തെരഞ്ഞെടുപ്പ് കേസിലെ സാധാരണ നടപടിക്രമങ്ങൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിശദീകരിക്കുക മാത്രമാണ് ചെയ്തത്. വാക്കാൽ പരാമര്‍ശം ഉത്തരവായി കണക്കാക്കാൻ കഴിയില്ല എന്നതുകൊണ്ട് തന്നെ കേസ് സുപ്രീംകോടതി പരിഗണിച്ച് ഇടക്കാല ഉത്തരവ് ഇറങ്ങുന്നതുവരെ കെ.എം.ഷാജിക്ക് കാത്തിരിക്കേണ്ടിവരുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ഇതിനിടെ കെ എം ഷാജിക്ക് നിയമസഭയിലേക്ക് പ്രവേശിക്കാൻ കഴിയില്ലായെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്താതിടത്തോളം വിധി പ്രാബല്യത്തിൽ നിൽക്കുന്നു . സുപ്രീം കോടതി വാക്കാൽ പറഞ്ഞാൽ അത് അംഗീകരിക്കാൻ നിയമ സഭക്ക് ബാധ്യത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വര്‍ഗീയ പ്രചരണം നടത്തിയെന്ന് ആരോപിച്ച് എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി.നികേഷ്കുമാര്‍ നൽകിയ ഹര്‍ജിയിലാണ് കെഎം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *

Sponsors