Madhavam header
Above Pot

ഗുരുവായൂരിലെ വാദ്യ രംഗത്തെ ജാതി ഭ്രഷ്ട് , സ്വാമി ഭൂമാനന്ദ തീർത്ഥയുടെ പ്രക്ഷോഭം വിജയിച്ചു എന്നിട്ടും ………

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 31 വർഷം മുൻപ് സ്വാമി ഭൂമാനന്ദ തീർത്ഥയുടെ നേതൃത്വ ത്തിൽ പ്രക്ഷോഭം നടത്തി നേടിയെടുത്ത അവകാശം പോലും വാദ്യ രംഗത്ത് പിന്നീട് അവർണക്ക് ലഭിച്ചില്ല . പഞ്ചവാദ്യം അഭ്യസിച്ച പട്ടികജാതിക്കാരായ കലാകാരന്മാർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പഞ്ചവാദ്യത്തിന് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ഹിന്ദു നവോത്ഥാന്‍ പ്രസിഡൻറ് സ്വാമി ഭൂമാനന്ദതീര്‍ത്ഥയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നത്. 1987 ജനുവരി രണ്ടിന് സമരം തുടങ്ങി. 64 ഹിന്ദു സംഘടനകളെ ചേര്‍ത്ത് ഹിന്ദു ഐക്യമുന്നണി രൂപവത്കരിച്ചായിരുന്നു സമരം. ആദ്യഘട്ടമായി ക്ഷേത്രമതില്‍ക്കെട്ടിനു ചുറ്റും പ്രദക്ഷിണ ഘോഷയാത്രയും ശയനപ്രദക്ഷിണവുമെല്ലാം നടന്നു. 1987 ജൂണ്‍ 14 മുതല്‍ താമിയാശാന്‍ ഉള്‍പ്പെടെയുള്ളവർ മഞ്ജുളാൽ പരിസരത്ത് ഏഴുദിവസം നീണ്ട ഉപവാസം നടത്തി. സമരത്തിൻറെ നാലാം ഘട്ടമായി മഞ്ജുളാൽ പരിസരത്തു നിന്നും ക്ഷേത്രത്തിലേക്ക് നടത്തിയ കലാസേവ യാത്ര സത്രം ഗേറ്റിനടുത്ത് പൊലീസ് തടഞ്ഞു. സ്വാമിമാർക്ക് പുറമെ പാറന്നൂർ ബ്രദേഴ്സ്, വ്യാസ കലാസമിതി, തിമില വിദ്വാൻ കുട്ടികൃഷ്ണ നായരുടെ സമിതി, കടവനാട് കലാവിദ്യാലയം എന്നീ പഞ്ചവാദ്യ സംഘങ്ങളാണ് ഘോഷയാത്രയിൽ ഉണ്ടായിരുന്നത്. ഭൂമാനന്ദ തീർഥയേയും കലാകാരന്മാരെയും പൊലീസ് അറസ്റ്റു ചെയ്തു.1988 ജൂലൈ 17ന് ദേവസ്വം ചെയർമാൻ പ്രഫ. പി.എൻ. നാരായണൻ സമരസമിതിയെ ചര്‍ച്ചക്ക് വിളിച്ചു. ഒടുവിൽ ജൂലൈ 23ന് ക്ഷേത്രത്തിനകത്ത് പന്തീരടി പൂജക്കും ഉച്ചപൂജക്കും മധ്യേ പഞ്ചവാദ്യസേവ നടത്താന്‍ അനുമതി നൽകി. പട്ടികജാതിക്കാരടക്കമുള്ള കലാകാരന്മാരുടെ പഞ്ചവാദ്യത്തിന് തിമിലയില്‍ പ്രമാണം വഹിച്ചത് അന്നമനട പരമേശ്വര മാരാരായിരുന്നു. മദ്ദളത്തില്‍ പ്രമാണം താമി ആശാനായിരുന്നു. എന്നാൽ പിന്നീടൊരിക്കലും പട്ടിക ജാതി വിഭാഗക്കാർക്ക് ക്ഷേത്രത്തിനകത്ത് പഞ്ചവാദ്യത്തിന് അവസരം ലഭിച്ചില്ല. ഏത് ഭരണം വന്നാലും ഗുരുവായൂരിലെ ജാതി വിവേചനത്തിന് ഒരു മാറ്റവും ഉണ്ടാക്കാൻ ശ്രമിക്കാറില്ല .

Vadasheri Footer