ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌ക്കാരം, പ്രശസ്ത സാഹിത്യകാരി കെ.ബി. ശ്രീദേവിയ്ക്ക്
ഗുരുവായൂര്‍: ഈ വർഷത്തെ ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌ക്കാരം, പ്രശസ്ത സാഹിത്യകാരി കെ.ബി. ശ്രീദേവിയ്ക്ക് നല്‍കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 50001/-രൂപയും, പ്രശസ്തിപത്രവുമടങ്ങുന്നതാണ് ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌ക്കാരം. പൂന്താനദിനമായ 17.02.2021-ന് വൈകീട്ട് 5-ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ചുനടക്കുന്ന സമ്മേളനത്തില്‍ പുരസ്‌ക്കാരം സമ്മാനിയ്ക്ക്ും.
സാത്വിക വിശുദ്ധമായ ഒരാത്മീയ സംസ്‌കൃതി സ്വന്തം സര്‍ഗ്ഗാത്മക രചനയിലൂടെ സാക്ഷാത്ക്കരിച്ച എഴുത്തുകാരിയാണ് കെ.ബി. ശ്രീദേവി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്, സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ദേവസ്വം ഭറണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്വ: കെ.വി. മോഹനകൃഷ്ണന്‍ എന്നിവരടങ്ങിയ പുരസ്‌ക്കാര നിര്‍ണ്ണയ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് ഭരണസമിതി അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
പ്രശസ്തങ്ങളായ യജ്ഞം, അഗ്നിഹോത്രം, അമ്മേ ഗാന്ധാരി, പറയിപെറ്റ പന്തിരുകുലം, കൃഷ്ണാനുരാഗം എന്നീ കൃതികള്‍ക്ക് പുറമെ, ശ്രീ മഹാഭാഗവതത്തിന്റെ ആത്മീക-സാംസ്‌ക്കാരികസൗന്ദര്യ മണ്ഡലങ്ങളില്‍ അഗാധമായ തീർഥാടനം ചെയ്ത ഭാഗവത പര്യടനം എന്ന കൃതിയും ശ്രീദേവിയുടെ രചനകളില്‍ പ്രശസ്തമാണ്. ആറുപതിറ്റാണ്ടുകാലത്തോളം നമ്മുടെ സംസ്‌കൃതിയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാര നിര്‍ണ്ണയസമിതി പുരസ്‌ക്കാര സമര്‍പ്പണത്തിന് കെ.ബി. ശ്രീദേവിയെ ശുപാര്‍ശ ചെയ്തത്.