Madhavam header
Above Pot

തീവ്രവാദ ബന്ധം , തമിഴ്നാട്ടിൽ നിരവധി മലയാളികൾ എൻ ഐ എ നിരീക്ഷണത്തിൽ

ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുന്നു. തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലർത്തുന്ന 65 ലധികം മലയാളികൾ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. സഹ്രാൻ ഹാഷ്മിന്റെ വീഡിയോകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു.

മലയാളികൾ അടക്കം പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ മധുരയിലെയും നാമക്കലിലെയും യോഗ വിവരങ്ങൾ എൻഐഎക്ക് ലഭിച്ചിട്ടുണ്ട്. അറബിയിലും തമിഴിലും മലയാളത്തിലുമുള്ള ഇതിന്റെ വീഡിയോ തെളിവുകൾ എന്‍ഐഎ സംഘം കണ്ടെത്തി. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും യുവാക്കളെ ആശയത്തിലേക്ക് അടുപ്പിക്കാൻ പ്രേരിപ്പിക്കുന്ന സഹ്രാൻ ഹാഷ്മിന്റെ വീഡിയോ തെളിവുകളാണ് റെയ്ഡിൽ നിന്ന് പിടിച്ചെടുത്തത്. കോയമ്പത്തൂർ, ചെന്നൈ എന്നിവടങ്ങളിലെ റെയ്ഡിൽ നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. കുംഭകോണത്ത് മലയാളികളെ അടക്കം ചോദ്യം ചെയ്യുകയാണ്.

Astrologer

അതേസമയം, കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം പരിശോധന തുടരുകയാണ്. ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. തിരുവള്ളൂർ പൂനമല്ലിയിൽ നിന്ന് തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന റോഷൻ ഉൾപ്പടെയുള്ളവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ചെന്നൈയ്ക്ക് സമീപം മന്നാടിയിൽ നിന്ന് ഒരു ശ്രീലങ്കൻ സ്വദേശിയെയും കഴിഞ്ഞ ദിവസം തമിഴ്നാട് കസ്റ്റഡിയിലെടുത്തിരുന്നു.

ശ്രീലങ്കന്‍ സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കറിനെ കൂടുതല്‍ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്നാട്ടിലെ റെയ്ഡ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. കുംഭകോണം, രാമനാഥപുരം, തഞ്ചാവൂര്‍ കാരയ്ക്കല്‍ അടക്കം എസ്ഡ‍ിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്‍റെയും തൗഹീദ് ജമാഅത്തിന്‍റെ ഓഫീസുകളില്‍ മണിക്കൂറുകളോളം കഴിഞ്ഞ ദിവസം പരിശോധന നടന്നു.

ശ്രീലങ്കയിലെ സ്ഫോടന പരമ്പരയ്ക്ക് മൂന്ന് ദിവസം മുമ്പ് കോയമ്പത്തൂരിലെത്തിയ അജ്ഞാതനെ കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഉള്‍പ്പടെ സ്ഫോടന പരമ്പര നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇക്കാലയളവില്‍ തമിഴ്നാട്ടില്‍ സംശയാസ്പതമായി വന്ന് പോയ ശ്രീലങ്കന്‍ സ്വദേശികളെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.

അതേസമയം, കേരളത്തിൽ പുതുവത്സര രാവിൽ ചാവേറാക്രമണം നടത്താൻ ഐഎസ് പദ്ധതിയിട്ടതിന്‍റെ കൂടുതൽ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കൊച്ചിയിലടക്കം പ്രധാന വിനോദസ‌ഞ്ചാര കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു തീരുമാനമെന്ന് റിയാസ് അബൂബക്ക‍ർ എൻഐഎക്ക് മൊഴി നൽകിയിരുന്നു. സ്ഫോടന സാമഗ്രികൾ സംഘടിപ്പിക്കാൻ റിയാസിനോട് ഐഎസിൽ ചേർന്നവർ നിർദേശിച്ചിരുന്നു എന്നാണ് വിവരം. വിദേശികൾ ഒത്തുകൂടുന്ന ഇടങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. എന്നാൽ ഒപ്പമുള്ളവർ ഇതിനെ പിന്തുണച്ചില്ലെന്നും റിയാസ് മൊഴി നൽകിയിട്ടുണ്ട്.

ഐഎസിൽ ചേരുന്നതിനായി കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്‍ഗാനിസ്ഥാനിലേക്കും പോയവരാണ് ചാവേറാക്രമണം നടത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടതെന്നാണ് റിയാസിന്‍റെ മൊഴി. ഇക്കാര്യം തനിക്കൊപ്പമുളളവരോട് പറഞ്ഞെങ്കിലും അവർ അനുകൂലിച്ചില്ല. എന്നാൽ താൻ സ്വന്തം നിലയ്ക്ക് തയാറെടുപ്പുകൾ നടത്തി വരികയായിരുന്നു. ഐഎസിൽ ചേർന്ന റാഷിദാണ് ബോംബ് നിർമാണത്തിന് ആവശ്യമായ സ്ഫോടകവസ്തുക്കൾ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും മൊഴിയിലുണ്ട്.

പുതുവ‍ർഷ രാവിൽ വിദേശ സഞ്ചാരികൾ ഏറെയെത്തുന്ന സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചാവേറാക്രമണം നടത്തണമെന്നായിരുന്നു ലഭിച്ചിരുന്ന നിർദേശം. ഇതിനായി കൊച്ചിയടക്കമുളള നഗരങ്ങളിലെ ചില പ്രധാന കേന്ദ്രങ്ങൾ നിശ്ചയിച്ചിരുന്നു. കേരളത്തിൽ നിന്ന് വിദേശത്തെത്തി ഐ എസിൽ ചേർന്നവർ അറസ്റ്റിലായ റിയാസിനെ പലപ്പോഴായി നെറ്റ് കോളിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ പലരും പിന്നീട് അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റിയാസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലടക്കം എൻഐഎ പരിശോധന തുടരുകയാണ്.

Vadasheri Footer