Header 1 = sarovaram
Above Pot

സ്വർണ കവർച്ചക്ക് ബന്ധുവിനെ കൊലപ്പെടുത്തിയെ ബംഗാൾ സ്വദേശിക്ക് ട്രിപ്പിൾ ജീവപര്യന്തം

തൃശൂർ: സ്വർണം കവർച്ച ചെയ്യാൻ ഉറ്റബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശിക്ക് മൂന്ന് ജീവ പര്യന്തവും , പിഴയും കോടതി വിധിച്ചു . ഹൗറ ജില്ലയിൽ ശ്യാംപൂർകാന്തിലാബാർ സ്വദേശിയായ അമിയ സാമന്ത (38) യെയാണ് തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജി നിസാർ അഹമ്മദ് ശിക്ഷ വിധിച്ചത് . കൊലപാതകം, കവർച്ച, ഭവനഭേദനം എന്നിവക്കാണ് ട്രിപ്പിൾ ജീവപര്യന്തം വിധിച്ചിട്ടുള്ളത്

ഇരിങ്ങാലക്കുട കണ്ഠേശ്വരം പണ്ടാരത്ത് പറമ്പിൽ ഭരതൻ എന്നയാളുടെ കീഴിൽ സ്വർണ്ണാഭരണ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്ന പശ്ചിമ ബംഗാൾ ഹൗറ ജില്ലക്കാരനായ ജാദബ് കുമാർ ദാസിനേയാണ് അമിയ സാമന്ത കൊലപ്പെടുത്തിയത്. 2012 ഒക്ടോബർ 12ന് കണ്ഠേശ്വരത്തുള്ള താമസ സ്ഥലത്തുവച്ചായിരുന്നു സംഭവം. ഭരതന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുകൾനിലയിലാണ് കൊല ചെയ്യപ്പെട്ട ജാദബ് കുമാർ ദാസ് താമസിച്ച് ജോലി ചെയ്തിരുന്നത്. അടുത്ത ബന്ധുവായ പ്രതിയും ഏതാനും നാൾ അവിടെ ജോലി ചെയ്തിരുന്നു .പിന്നീട് പ്രതി നാട്ടിലേക്കു മടങ്ങിപോയി.

Astrologer

സംഭവത്തിന് അഞ്ചു ദിവസം മുമ്പ്് 215 ഗ്രാം സ്വർണ്ണ കട്ടി ആഭരണങ്ങൾ പണിയുന്നതിനായി ഭരതൻ കൊല്ലപ്പെട്ട ജാദബ് കുമാർ ദാസിനെ ഏൽപ്പിച്ചിരുന്നു. ആഭരണ നിർമ്മാണം നടന്നു കൊണ്ടിരിക്കെ 11ന് വൈകീട്ട് പ്രതി ജാദബ് കുമാർ ദാസിന്റ താമസസ്ഥലത്ത് എത്തി. ആഭരണപ്പണി പരിശോധിക്കാൻ ചെന്ന ഭരതനോട് ബന്ധുവായ പ്രതി എത്തിയിട്ടുണ്ടെന്ന വിവരം ജാദബ് കുമാർ ദാസ് പറഞ്ഞിരുന്നു. ആഭരണ നിർമ്മാണത്തിന് കഴിയുന്ന വിധത്തിൽ സ്വർണ്ണ കട്ടിയെ തരികളായും വളയങ്ങളായും റിബണാകൃതിയിലും മറ്റും മാറ്റി തീർത്തിട്ടുള്ളതും ജാദബ് കുമാർ ദാസ് ഭരതനെ കാണിച്ച് ബോധ്യപ്പെടുത്തിയിരുന്നു.

12ന് രാത്രി ജാദബ് കുമാർ ദാസിനെ കൊലപ്പെടുത്തിയ അമിയ സാമന്ത പിറ്റേന്ന് പുലർച്ചെ തൃശൂരിലെത്തുകയും അവിടെ നിന്നും ട്രെയിൻ മാർഗ്ഗം പശ്ചിമ ബംഗാളിലേക്ക് പോകുകയും ചെയ്തു. ജാദബ് കുമാർ ദാസിന്റെ അഴുകി തുടങ്ങിയ ശവശരീരം 14ാം തിയ്യതിയാണ് കണ്ടത്. കൊല നടന്ന കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന ബംഗാൾ സ്വദേശികളായ മറ്റു തൊഴിലാളികൾ ജാദബ് കുമാർ ദാസിനെ രണ്ടു ദിവസങ്ങളായി കാണാതായതോടെ നടത്തിയ അന്വേഷണത്തിൽ മുറിയുടെ വാതിൽ പുറത്തു നിന്നും കുറ്റിയിട്ടതായി ശ്രദ്ധയിൽപ്പെട്ടു.

വിവരം ഉടമസ്ഥനായ ഭരതനെ ഫോണിൽ വിളിച്ചയിച്ചതോടെ ഭരതൻ സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് ജാദബ് കുമാർ ദാസ് കൊലചെയ്യപ്പെട്ടതായി കണ്ടത്. കൊല്ലപ്പെട്ട ജാദബ് കുമാർ ദാസിനൊപ്പം സംഭവ ദിവസം കാലത്ത് പ്രതിയെ സമീപത്തു താമസക്കാരായ മറ്റു തൊഴിലാളികൾ കണ്ടിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി സ്വദേശമായ പശ്ചിമ ബംഗാളിൽ എത്തിചേർന്നതായി മനസ്സിലാക്കി. പ്രതിയെ പിന്തുടർന്ന് ചെന്ന പൊലീസിന് കൊല നടന്ന് അഞ്ചാം ദിനം തന്നെ പശ്ചിമ ബംഗാളിലെ ചക്രാപ്പൂർ ഗ്രാമത്തിൽ വെച്ച് പ്രതിയെ അറസ്റ്റു ചെയ്യാനായി.

കൊലപാതകത്തിനു ശേഷം പ്രതി കവർച്ച ചെയ്തു കൊണ്ടുപോയ സ്വർണ്ണ ഉരുപ്പടികൾ 24 ഫർഗാന ജില്ലയിൽ ചക്രാപൂർ ഗ്രാമത്തിലെ പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. 12ന് രാത്രി കൊല നടത്തിയ ശേഷം 13ന് പുലർച്ച ഇരിങ്ങാലക്കുട നിന്നും തൃശൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സിൽ സഞ്ചരിച്ച പ്രതിയെ തിരിച്ചറിഞ്ഞ് ബസ് കണ്ടക്ടർ കോടതിയിൽ മൊഴി നൽകി. തൃശൂരിൽ എത്തിയ പ്രതി പുത്തൻപള്ളിക്കു സമീപം പശ്ചിമ ബംഗാൾ സ്വദേശികളായ ഏതാനും സ്വർണ്ണാഭരണ തൊഴിലാളികളുടെ താമസസ്ഥലത്തെത്തിയിരുന്നതായും കുളി കഴിഞ്ഞ് മടങ്ങിയതായും മറ്റും രണ്ടു തൊഴിലാളികളും മൊഴി നൽകി.

കവർച്ച ചെയ്ത സ്വർണ്ണ ഉരുപ്പടികളും മറ്റു മുതലുകളുമായി ചക്രാപ്പൂർ ഗ്രാമത്തിലെത്തിയ പ്രതി രാത്രി താമസിക്കുന്നതിന് പരിചയക്കാരനായ ബപ്പാ നസ്‌ക്കർ എന്നയാളുടെ വീട്ടിലെത്തുകയും അന്നേ ദിവസം അവിടെതാമസിക്കുകയും, അകത്തെ മുറിയിൽ സ്വർണ്ണ ഉരുപ്പടികളും മറ്റു മുതലുകളും സൂക്ഷിച്ചു വെക്കുകയും ചെയ്തതായി ബപ്പാനസ്‌ക്കറും കോടതി മുമ്പാകെ മൊഴി നൽകിയിരുന്നു. പശ്ചിമ ബംഗാൾ സ്വദേശികളായ സാക്ഷികളിൽ പലരേയും ദ്വിഭാഷികളുടെ സഹായത്തോടെയാണ് പ്രോസിക്യൂഷൻ ഭാഗത്തു നിന്നും വിസ്തരിച്ചത്. കേസ്സിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 26 സാക്ഷികളെയാണ് വിസ്തരിച്ചത്.

30 രേഖകളും 20 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. വളരെ ഗുരുതരമായ 27 മുറിവുകളാണ് ജാദബ് കുമാറിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. കൊലപ്പെടുത്താൻ ഉപയോഗിച്ച വലിയതരം കത്തി വിൽപ്പന നടത്തിയ കച്ചവടക്കാരനും കോടതി മുമ്പാകെ മൊഴി നൽകിയിരുന്നു. കൂടാതെ ശാസ്ത്രീയ തെളിവുകളും ശിക്ഷ ഉറപ്പു വരുത്തുന്നതിന് സഹായകമായി. സംഭവസ്ഥലം പരിശോധിച്ച വിരലടയാള വിദഗ്ദൻ പ്രതിയുടെ വിരലടയാളം ശേഖരിച്ചിരുന്നു. കൊല്ലപ്പെട്ട ജാദവിന്റെ കൈകളിൽ പ്രതിയുടെ മുടി കുരുങ്ങി കിടന്നിരുന്നത് സയന്റിഫിക് അസിസ്റ്റന്റ് ശേഖരിച്ച് നടത്തിയ രാസപരിശോധനാ ഫലവും കേസ്സിൽ നിർണ്ണായക തെളിവായി.

വിരലടയാള വിദഗ്ദനേയും, സയന്റിഫിക് എക്സ്പർട്ടുകളേയും മറ്റും പ്രോസിക്യൂഷൻ ഭാഗത്തു നിന്നും വിസ്തരിച്ചു. സംഭവം നേരിൽ കണ്ട സാക്ഷികളാരും ഇല്ലാതിരുന്നിട്ടും സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ കേസ് ശിക്ഷിക്കാൻ സാധിച്ചത് പ്രോസിക്യൂഷന്റെ മികവായി. ഇരിങ്ങാലക്കുട സിഐ.ആയിരുന്ന ടി.എസ് സിനോജാണ് ഫലപ്രദമായ നിലയിൽ കേസന്വേഷണം നടത്തിയത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിൽ, അഡ്വ.അമീർ, അഡ്വ.കെ.എം.ദിൽ എന്നിവർ ഹാജരായി.പ്രോസിക്യൂഷൻ സാക്ഷി വിസ്താരത്തെ ഫലപ്രദമായി സംയോജിപ്പിച്ചത് ഇരിങ്ങാലക്കുട സിവിൽ പൊലീസ് ഓഫീസറായ ജോഷി ജോസഫ് ആയിരുന്നു

Vadasheri Footer