എന്തു കൊണ്ടാണ് അയ്യപ്പൻ നമ്പൂതിരിയും വർമ്മയും ഇല്ലാത്തത് : സ്വാമി സന്ദീപാനന്ദ ഗിരി

">

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തവരില്‍പ്പെടുന്നയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഇപ്പോള്‍ അയ്യപ്പ ബ്രഹ്മചര്യം സംരക്ഷിക്കുമെന്ന് പറഞ്ഞ് ഇറങ്ങുന്ന സവര്‍ണ വിഭാഗങ്ങളോട് ചോദ്യങ്ങളുമായും ചില ഉത്തരങ്ങളുമായും എത്തിയിരിക്കുകയാണ് അദ്ദേഹം.

നിങ്ങളുടെ കൂട്ടത്തിൽ നാരായണൻ നമ്പൂതിരിയുണ്ട്, കേശവൻ നമ്പൂതിരിയുണ്ട്, മാധവൻ നമ്പൂതിരിയുണ്ട്. വിഷ്ണുവിന്‍റെയും ശിവന്‍റെയും അങ്ങനെ എല്ലാവരുടെ നാമത്തിലും നിങ്ങള്‍ പേരുകള്‍ ഇടുന്നു. എന്നാല്‍, നിങ്ങൾ സ്നേഹിക്കുകയും നിങ്ങളുടെ വികാരവുമായി മാറിയ അയ്യപ്പന്റെ പേര് നിങ്ങളാരും സ്വീകരിക്കാത്തത് എന്ത് എന്നാണ് സന്ദീപാനന്ദ ഗിരി ചോദിക്കുന്നത്.

എന്തുകൊണ്ടാണ് പന്തളം രാജകുടുംബത്തിൽ അയ്യപ്പൻ വർമ്മയെന്ന പേരിൽ ഒരു ആൺതരി ഇല്ലാതെ പോയി? താഴമൺ തന്ത്രികുടുംബത്തിൽ ഒരു അയ്യപ്പൻ നമ്പൂതിരി ഇല്ലാതെ പോയി? എന്നിങ്ങനെയുള്ള ചോദ്യങ്ങളും സ്വാമി മുന്നോട്ട് വെയ്ക്കുന്നുണ്ട്. അയ്യപ്പൻ നിങ്ങളുടെ വികാരമല്ല, മറിച്ച് ധനസമാഹരണത്തിന്റെ ഒരു ഉപാധി മാത്രമാണ്. എന്നാൽ, അവർണ്ണന് അയ്യപ്പൻ വികാരമാണെന്ന് സ്വാമി പറയുന്നു. അവർണ്ണന്റെ ക്ഷേത്രം നിങ്ങൾ കൈയ്യടക്കിയതാണെന്നും ഒരു രണ്ടാം ക്ഷേത്രപ്രവേശനത്തിന് സമയം കൈവന്നിരിക്കുന്നതായും സ്വാമി സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ കുറിച്ചു.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

അയ്യപ്പൻ ഞങ്ങളുടെ #വികാരമാണ്. എന്ത് വിലകൊടുത്തും അയ്യപ്പന്റെ ബ്രഹ്മചര്യം സംരക്ഷിക്കും തുടങ്ങിയ ബ്ളാ..ബ്ളാ..ബ്ളാ പറയുന്ന സവർണ്ണരേ നിങ്ങളോട് ഒരു ചോദ്യം. നിങ്ങളുടെ കൂട്ടത്തിൽ നാരായണൻ നമ്പൂതിരിയുണ്ട്,കേശവൻ നമ്പൂതിരിയുണ്ട്,മാധവൻ നമ്പൂതിരിയുണ്ട്.

വിഷ്ണുവിന്റെ സഹസ്രനാമങ്ങളിലും നിങ്ങൾ പേരിടുന്നു. ഇനി ശിവന്റെ നാമങ്ങളെ നോക്കിയാൽ നിങ്ങളുടെ കൂട്ടത്തിൽ മഹാദേവൻ നമ്പൂതിരിയും,മഹേശൻ നമ്പൂതിരിയും,നീകണ്ഠൻ നമ്പൂതിരി തുടങ്ങിയ ശിവസഹസ്രനാമത്തിലെ ആയിരം പേരുകൾ കാണാവുന്നതാണ്. അയ്യപ്പന്റെ സഹോദര സ്ഥാനത്തുള്ള സുബ്രഹ്മണ്യന്റെ പേരിലും നിങ്ങൾ വിരാജിക്കുന്നു, സുബ്രഹ്മണ്യൻ നമ്പൂതിരിമുതൽ ഷൺമുകൻ നമ്പൂതിരിവരെയുള്ള സഹസ്രനാമങ്ങൾ നിങ്ങൾക്ക് സ്വീകാര്യമാണ്.

അയ്യപ്പന്റെ മറ്റൊരു സഹോദരനായ ഗണപതിയുടെ നാമത്തിലും നിങ്ങൾ അറിയപ്പെടുന്നു. വിഘ്നേശ്വരൻ നമ്പൂതിരി മുതൽ ഗണേശൻ നമ്പൂതിരിവരെയുള്ള നാമങ്ങളിൽ നിങ്ങളെ കാണപ്പെടുന്നു.

നിങ്ങൾ ഇത്രമാത്രം സ്നേഹിക്കുകയും നിങ്ങളുടെ വികാരവുമായി മാറിയ അയ്യപ്പന്റെ പേര് നിങ്ങളാരും സ്വീകരിക്കാത്തത്? എന്തുകൊണ്ടാണ് പന്തളം രാജകുടുംബത്തിൽ അയ്യപ്പൻ വർമ്മയെന്ന പേരിൽ ഒരു ആൺതരി ഇല്ലാതെ പോയി? താഴമൺ തന്ത്രികുടുംബത്തിൽ ഒരു അയ്യപ്പൻ നമ്പൂതിരി ഇല്ലാതെ പോയി? ഏതെങ്കിലും കാലത്ത് ശബരിമലയിൽ ഒരു അയ്യപ്പൻ നമ്പൂതിരി മേൽശാന്തിയായി വന്നിട്ടുണ്ടോ?

ആദിവാസികളിൽ നിങ്ങൾക്ക് നിറയെ അയ്യപ്പനെ കാണാം.. ദളിതരിൽ കാണാം…

നായരിലും,മേനോനിലും,പിള്ളയിലുമെല്ലാം അയ്യപ്പനേയും അയ്യപ്പൻ കുട്ടിയേയും കാണാം!!!!

അയ്യപ്പൻ നായരും,അയ്യപ്പൻ കുട്ടി നായരും,അയ്യപ്പൻ പിള്ളയും,അയ്യപ്പ ദാസനുമെല്ലാം അവർണ്ണരിൽ നിങ്ങൾക്ക് കാണാം.. അയ്യപ്പൻ നിങ്ങളുടെ വികാരമല്ല. മറിച്ച് ധനസമാഹരണത്തിന്റെ ഒരു ഉപാധി മാത്രം. എന്നാൽ അവർണ്ണന് അയ്യപ്പൻ വികാരമാണ്! അവർണ്ണന്റെ ക്ഷേത്രം നിങ്ങൾ കൈയ്യടക്കിയതാണ്.! ഒരു രണ്ടാം ക്ഷേത്രപ്രവേശനത്തിന് സമയം കൈവന്നിരിക്കുന്നു. ഈ രാജ്യത്തെ നീതിപീഠത്തിലൂടെ ഈ അവകാശത്തിനുവേണ്ടിയുള്ള ജല്ലികെട്ട് നിങ്ങൾ കാണാൻ പോകുന്നതേയുള്ളൂ….. സ്വാമി സന്ദീപാനന്ദ ഗിരി

Leave a Reply

Your email address will not be published. Required fields are marked *

Sponsors