രഹ്നാഫാത്തിമക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: മത വികാരം വ്രണപെടുത്തിയ കേസില്‍ രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. പമ്ബ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 3 മാസത്തേക്ക് കയറാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അമ്പ തിനായിരം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യവും വ്യവസ്ഥയുടെ ഭാഗമാണ്. ജാമ്യാപേക്ഷയില്‍ ഹര്‍ജിക്കാരി ഉന്നയിക്കുന്ന വാദങ്ങള്‍ അംഗീകരിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി.

rahnafathima 1

രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ അവര്‍ തുടരേണ്ടതില്ലെന്നും കോടതി പറഞ്ഞു. നവംബര്‍ 28 നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് മതസ്പര്‍ദ്ദ ഉണ്ടാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്തത്. കേസില്‍ രഹന ഫാത്തിമ റിമാന്‍ഡിലാണുള്ളത്. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുലാമാസ പൂജയ്ക്ക് ശബരിമല നടതുറന്നപ്പോഴാണ് രഹന ഫാത്തിമ മലകയറാന്‍ എത്തിയത്. പൊലീസ് സംരക്ഷണത്തില്‍ നടപന്തല്‍വരെ എത്തിയെങ്കിലും കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മടങ്ങേണ്ടി വരികയായിരുന്നു.

മലകയറുന്നതിന് മുമ്ബ് രഹന ഫാത്തിമ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച ചിത്രമാണ് ഇവര്‍ക്കെതിരായ കേസിനാസ്പദമായത്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രം. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് രഹന പോസ്റ്റ് ചെയ്തത്.

തത്വമസി എന്ന അടികുറിപ്പോടെയായിരുന്നു ചിത്രം. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രഹന ഫാത്തിമ പലരുടെയും കണ്ണിലെ കരടായി മാറി. മത വികാരം വ്രണപെടുത്തിയെന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

അറസ്റ്റിന് പിന്നാലെ ബിഎസ്‌എന്‍എല്‍ ജീവനക്കാരിയായിരുന്ന രഹന ഫാത്തിമയെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിരുന്നു. ബിഎസ്‌എന്‍എല്‍ പാലാരിവട്ടം ഓഫീസില്‍ ടെലികോം ടെക്നിഷന്‍ ആയിരുന്നു രഹന. ആക്ടിവിസ്റ്റും സമര നായികയുമായിരുന്ന രഹ്ന ഫാത്തിമയെ കോടതി റിമാൻഡ് ചെയ്തപ്പോൾ പൊട്ടിക്കരഞ്ഞായിരുന്നു ജയിലിലേക്ക് പോയത്