ഗുരുവായൂർ ഉത്സവം , ഗ്രാമ പ്രദിക്ഷണത്തിനായി ഭഗവാൻ ജന പഥത്തിലേക്കിറങ്ങി : മേനോൻജി
ഗുരുവായൂര്‍: ഹരിനാമ കീര്‍ത്തനത്താല്‍ പുളകചാര്‍ത്തണിഞ്ഞ വാതാലയേശന്റെ തിരുമുറ്റം ഭക്തിയുടെ നിറവില്‍ ആനന്ദനൃത്തമാടിയപ്പോള്‍, തന്റെ പ്രജകളുടെ സന്തോഷം നേരില്‍കാണാനും, അവര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിയാനുമായി ഭഗവാന്‍ ശ്രീഗുരുവായൂരപ്പന്‍ പള്ളിവേട്ട ദിനത്തിൽ ഗ്രാമപ്രദക്ഷിണത്തിനായി ക്ഷേത്രമതില്‍കെട്ടിന് പുറത്ത് ജനപഥത്തിലേക്ക് ഇറങ്ങി . ഗ്രാമപ്രദക്ഷിണത്തിനായി ശ്രീഗുരുവായൂരപ്പന്‍ പുറത്തേക്കിറങ്ങിയപ്പോള്‍, പുണ്യഭൂമിപോലും ആ ആത്മനിര്‍വൃതിയില്‍ പുളകചാര്‍ത്തണിഞ്ഞു.
വൈകീട്ടത്തെ ദീപാരാധനക്ക് ശേഷം അഞ്ചാനകളോടേയുള്ള എഴുന്നെള്ളിപ്പോടെയാണ് തന്റെ പ്രജകളെ കാണാനായി കണ്ണന്‍ ഗ്രാമപ്രദക്ഷിണത്തിനായി പുറത്തിറങ്ങിയത്. സ്വര്‍ണ്ണക്കോലത്തില്‍ വെള്ളിപൊതിഞ്ഞ പീഠത്തിലെ തങ്കവിഗ്രഹം, അസ്തമനസൂര്യന്റെ പൊന്‍കിരണങ്ങളുടെ ശോഭയില്‍ പ്രഭാപൂരിതമായപ്പോള്‍, ഭക്തജനസഹസ്രം ആത്മനിര്‍വൃതിയില്‍ ആനന്ദകണ്ണീര്‍പൊഴിച്ച് നമ്രശിരസ്‌ക്കരായി ഭഗവാനെ എതിരേറ്റു. പുറത്തേക്കിറങ്ങിയ ഭഗവാനെ ഭക്തർ നിറ പറയും നിലവിളക്കും വെച്ച് എതിരേറ്റു . നെല്ല് അവിൽ മലർ ശർക്കര പഴം പൂവ് എന്നിവയുടെ ആയിരകണക്കിന് പറകളാണ് ഭക്തർ ഭഗവാന് സമർപ്പിച്ചത്
പള്ളിവേട്ട ദിനത്തിലും ആറാട്ട് ദിനത്തിലും ക്ഷേത്രം കൊടിമരത്തറക്ക് സമീപമാണ് ഭഗവാന് ദീപാരാധന. കൊടിമരതറയില്‍ സ്വര്‍ണ്ണപഴുക്കാമണ്ഡപത്തിലെഴുന്നെള്ളിയ ഭഗവാനെ ഈ രണ്ടുദിവസങ്ങളിലും ക്ഷേത്രത്തില്‍ ശാന്തിയേറ്റ കീഴ്ശാന്തിമാരാണ് ദീപാരാധന നടത്തുക. ഇന്ന് നടന്ന ദീപാരാധന ശാന്തിയേറ്റ കീഴ്ശാന്തി നാകേരി ഹരിനമ്പൂതിരി നിര്‍വ്വഹിച്ചു. ദീപാരാധനക്ക് ശേഷം ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ ഗജരാജന്‍ വലിയകേശവന്‍ സ്വര്‍ണ്ണകോലത്തില്‍ പുറത്തേക്കെഴുന്നെള്ളിയ ഭഗവാന്റെ തങ്കതിടമ്പ് ശിരസ്സിലേറ്റുവാങ്ങിയപ്പോള്‍, പതിനായിരങ്ങളുടെ നാരായണമന്ത്രംകൊണ്ട് ആധ്യാത്മികനഗരി ഭക്തിസാന്ദ്രമാക്കി. ദേവസ്വത്തിലെ തലയെടുപ്പുള്ള കൊമ്പന്‍മാരായ നന്ദൻ വലത്തും വിഷ്ണു ഇടത്തും പറ്റാനകളായി , കൂട്ടാനകളായി വലത്ത് ശ്രീധരനും ,ഇടത്ത് ദാമോദര്‍ദാസും അണിനിരന്നു .
വാദ്യകുലപതി പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തിൽ പാണ്ടി മേളം അകമ്പടിയായി , വലം തലയിൽ പീതാംബരനും ഇലത്താളത്തിൽ തോന്നൂർക്കര നാരായണൻ കുട്ടിയും , കുഴലിൽ വെളപ്പായ നന്ദനും ,കൊമ്പിൽ വെള്ളാട്ട് മുരളിയും നേതൃത്വം നൽകി .നൂറോളം തിരുവല്ല രാധാകൃഷ്ണന്‍, ചൊവ്വല്ലൂര്‍ മോഹന്‍ എന്നിവരടക്കം നൂറോളം കലാകാരന്മാരാണ് പാണ്ടിമേളത്തിന് അണി നിരന്നത് . . ആയുധമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളരിയിലെ കലാകാരന്‍മാരുടെ വേഷവും തഴ , സൂര്യ മറ എന്നിവയും ഗ്രാമപ്രദക്ഷിണത്തിന് അകമ്പടിയായി. നാടും, നഗരവും നിറപറയും, കൊടിതോരണങ്ങളാലും കൊണ്ട് അലങ്കരിച്ചാണ് ഭഗവാന്റെ ഗ്രാമ പ്രദിക്ഷണം ആഘോഷമാക്കിയത് ,
ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കിയ ഭഗവാന്‍, പള്ളിവേട്ടക്കിറങ്ങും . പക്ഷിമൃഗാദികളുടെ വേഷം കെട്ടിയ മൃഗങ്ങളെ വേട്ടയാടാനാണ് ഭഗവാന്‍ പള്ളിവേട്ടക്ക് പോകുന്നതെന്നാണ് സങ്കല്‍പ്പം. പള്ളിവേട്ടക്ക് നന്ദിനി ഭഗവാന്റെ തിടമ്പേറ്റും , പള്ളിവേട്ടയ്ക്കായി പിടിയാനപുറമേറി ഒമ്പതുപ്രദക്ഷിണം പൂര്‍ത്തിയാക്കി. പള്ളിവേട്ടയുടെ ക്ഷീണത്താല്‍ നാലമ്പലത്തിനകത്തെ നമസ്‌ക്കാരമണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ കട്ടിലിൽ , ഭഗവാൻ പള്ളിയുറങ്ങും . പള്ളിവേട്ടയുടെ ആലസ്യത്തില്‍ കിടന്നുറങ്ങുന്ന ഭഗവാന്റെ ഉറക്കത്തിന് വിഘ്‌നം സംഭവിക്കാതിരിക്കാന്‍ ക്ഷേത്രത്തിലെ നാഴികമണി രാത്രി ശബ്ദിക്കില്ല . വര്‍ഷത്തില്‍ ഈ ദിവസം മാത്രമാണ് രാത്രി നാഴികമണി അടിക്കാതിരിക്കുന്നത്. നാളെ രാവിലെ പശുകിടവിന്റെ കരച്ചില്‍ കേട്ടാണ് ഭഗവാന്‍ പള്ളിയുറക്കത്തില്‍ നിന്നുമുണര്‍ന്നത്. അതിനായി രാത്രി ക്ഷേത്രത്തിനകത്ത് പശുകിടാവിനെ തയ്യാറാക്കിനിര്‍ത്തും . ചൊവ്വാഴ്ച യാണ് ഭഗവാന്റെ ആറാട്ട്.