ഗുരുവായൂരിൽ ശനി മുതൽ സ്വർണ കോലം എഴുന്നള്ളിക്കും
ഗുരുവായൂര്‍: ഉത്സവത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച മുതല്‍ വിശേഷമായ സ്വര്‍ണക്കോലം എഴുന്നള്ളിച്ച് തുടങ്ങും. ഉച്ചതിരിഞ്ഞു മൂന്നിന് നടക്കുന്ന കാഴ്ചശീവേലി മുതല്‍ ആറാട്ട് വരെയുള്ള ദിവസങ്ങളില്‍ സ്വര്‍ണക്കോലത്തിലാണ് ഭഗവാന്‍ എഴുന്നള്ളുക. ഉത്സവത്തിലെ അവസാന അഞ്ച് ദിവസങ്ങളിലും, ഏകാദശി, അഷ്ടമിരോഹിണി തുടങ്ങിയ വിശേഷദിവസങ്ങളിലും മാത്രമാണ് സ്വര്‍ണക്കോലം എഴുന്നള്ളിക്കുക.
പത്ത് കിലോഗ്രാം സ്വര്‍ണം ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന കോലത്തില്‍ നടുവിലായി മുരളി ഊതി നില്‍ക്കുന്ന ഉണ്ണികൃഷ്ണനും ചുറ്റുഭാഗത്തായി വീരശൃംഗലയും തുറന്ന ഭാഗത്ത് മരതകപ്പച്ചയും സ്വര്‍ണപ്പൂക്കളും പതിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍ക്ക് മാറ്റുക്കൂട്ടുന്നതാണ് സ്വര്‍ണക്കോലമെഴുന്നള്ളത്ത്. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ ഗ്രാമപ്രദക്ഷിണത്തിനും സ്വര്‍ണക്കോലമാണ് എഴുന്നള്ളിക്കുക. കൊമ്പന്‍ നന്ദനാണ് ആദ്യ ദിവസം സ്വര്‍ണക്കോലം എഴുന്നള്ളിക്കുക.
പണ്ടുകാലത്ത് ആറാം ദിവസത്തെ ഉത്സവത്തിന്റെ ചെലവ് പുന്നത്തൂര്‍ കോവിലകമായിരുന്നു വഹിച്ചിരുന്നത്. അന്നുനടക്കുന്ന കാഴ്ചശീവേലിക്ക് കോവിലകത്തെ വലിയ തമ്പുരാന്‍ നേരിട്ടെഴുന്നള്ളുകയും കാഴ്ചശീവേലി വടക്കേനടയിലെത്തുമ്പോള്‍ മേളത്തില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുകയും ചെയ്തിരുന്നു. ഈ ചടങ്ങിനെ അനുസ്മരിച്ച് ആറാം വിളക്ക് ദിനത്തില്‍ ഉച്ചക്ക് വകകൊട്ടല്‍ ചടങ്ങുമുണ്ടാകും.