ഗുരുവായൂരിൽ ആദ്യദിനത്തില്‍ 600-ഓളം പേര്‍ ദർശനം നടത്തി
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വ്യാഴാഴ്ച 600-ഓളം പേരാണ് ദർശനം നടത്തിയത്. ആദ്യ ദിവസമായതുകൊണ്ട് ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവരുടെ എണ്ണം വളരെ കുറവായിരുന്നു. ഉച്ചവരെ 50-ല്‍ താഴെയാണ് ഉണ്ടായിരുന്നത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍, ക്ഷേത്രത്തില്‍ പ്രവര്‍ത്തിയെടുക്കുന്നവര്‍, ദേവസ്വം ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, തദ്ദേശവാസികള്‍ എന്നിങ്ങനെ മൊത്തം എത്തിയവരുടെ കണക്കാണിത്. ഇതില്‍ ഉച്ചവരെ മാത്രം 400 ഓളം പേരാണ് തൊഴുതത്.
ഓണ്‍ലൈന്‍ ബുക്കിങ് കിട്ടുന്നില്ലെന്ന് പറഞ്ഞ് പലരും ദേവസ്വത്തെ സമീപിച്ചിരുന്നു. അവര്‍ക്ക് ആധാര്‍ കാര്‍ഡ് കാണിച്ച് ദര്‍ശനത്തിനുള്ള സൗകര്യം ദേവസ്വം ഒരുക്കി. ആദ്യദിനത്തില്‍ വരിയില്‍ വലിയ തിരക്കുണ്ടായില്ല. ഒരേ സമയം 15-പേരെ മാത്രമേ ക്ഷേത്രത്തിലേക്ക് കടത്തിവിടുകയുള്ളുവെന്നാണ് പറഞ്ഞിരുന്നെങ്കിലും, തിരക്കില്ലാതിരുന്നതിനാല്‍ അത്തരം നിയന്ത്രണം വേണ്ടിവന്നതുമില്ല. രാവിലെ നാലര മുതല്‍ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. ഓണ്‍ലൈന്‍ ദര്‍ശനം ഒമ്പതരയ്ക്കുശേഷവുമായിരുന്നു. ഉച്ചയ്ക്ക് 12.30 ക്ഷേത്രനട അടയ്ക്കുമ്പോള്‍ വരിയിലുണ്ടായിരുന്നത് 25-ല്‍ താഴെ മാത്രം.
പിന്നീട് വൈകിട്ട് നാലരമുതല്‍ ആറര വരേയും ഭക്തരെ ക്ഷേത്രത്തിലേക്ക് വിട്ടു. ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിനു മുന്നില്‍ തൊഴാന്‍ വലിയ തിരക്കനുഭവപ്പെട്ടു. അവിടെ വരി ഒഴിഞ്ഞ നേരമുണ്ടായില്ല. കോവിഡ് മാനദണ്ഡങ്ങളും, അകലവും പാലിക്കാന്‍ പോലീസും, ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരും നിര്‍ദ്ദേശവുമായി ക്ഷേത്രനടയിലുണ്ടായി. ക്ഷേത്രത്തില്‍ മൂന്ന് വിവാഹങ്ങള്‍ നിബന്ധനകള്‍ പ്രകാരം നടന്നു. ചോറൂണ്‍ ഒഴികെയുള്ള വഴിപാടുകളും ആരംഭിച്ചു. ഉച്ചവരെ രണ്ടര ലക്ഷത്തോളം രൂപയുടെ വഴിപാടുകളാണുണ്ടായത്. തുലാഭാരം 25,000 രൂപയുടേയും. വഴിപാടു കൗണ്ടറുകള്‍ മുഴുവനും തുറന്നു. സത്രം കവാടത്തില്‍ വാഹന പൂജയ്ക്കും തിരക്കുണ്ടായിരുന്നു