Madhavam header
Above Pot

അക്ഷയ തൃദീയ ദിനത്തിൽ ഗുരുവായൂരിൽ 21.51 ലക്ഷം രൂപയുടെ സ്വർണ ലോക്കറ്റ് വിൽപന .

ഗുരുവായൂര്‍: അക്ഷയ തൃദീയ ദിനത്തിൽ ഗുരുവായൂരിൽ അഭൂതപൂര്‍വ്വമായ ഭക്തജനതിരക്ക്. 21,51,500 രൂപയാണ് സ്വർണ ലോക്കറ്റ് വിൽപ്പനയിൽ നിന്നും ലഭിച്ചത് . 10 ഗ്രാം തൂക്കമുള്ള ഒൻപത് ലോക്കറ്റ് വിട്ട വകയിൽ 4,39,200 രൂപയും അഞ്ച് ഗ്രാമിന്റെ 21 ലോക്കറ്റിന്‌ 5,14,500 രൂപയും ,മൂന്ന് ഗ്രാമിന്റെ 32 എണ്ണത്തിന് 4,73,600 രൂപയും , രണ്ട് ഗ്രാമിന്റെ 71 ലോക്കറ്റ് വിൽപ്പന നടത്തിയ വകയിൽ 7,24,200 രൂപയുമാണ് ലഭിച്ചത് . സ്വർണത്തിന്റെ വിലക്കൂടുതൽ കാരണം രണ്ടു ഗ്രാം തൂക്കമുള്ള ലോക്കറ്റിനാണ് ആവശ്യക്കാർ ഏറെ ഉണ്ടായിരുന്നത് . അഞ്ചു ഗ്രാം തൂക്കമുള്ള 108 വെള്ളി ലോക്കറ്റുകൾ വിറ്റ വകയിൽ 48,600 രൂപയും ലഭിച്ചു .

ബലരാമ ജയന്തി ദിനവും കൂടിയായ ഇന്ന് ക്ഷേത്രത്തില്‍ രാവിലേയും, വൈകീട്ടും മൂന്നാനകളോടുകൂടിയ കാഴ്ച്ചശീവേലിയും ഉണ്ടായിരുന്നു. ഗുരുവായൂര്‍ ശശിമാരാരുടെ മേളപ്രമാണത്തില്‍ നടന്ന കാഴ്ച്ചശീവേലിയ്ക്ക്, ദേവസ്വം കൊമ്പന്‍ സിദ്ധാര്‍ത്ഥന്‍ ഭഗവാന്റെ തങ്കതിടമ്പേറ്റി. ഗജേന്ദ്രയും, ജൂനിയര്‍ വിഷ്ണുവും ഇടംവലം പറ്റാനകളായി. .ഭക്തർ തിങ്ങിനിറഞ്ഞ ക്ഷേത്രത്തില്‍ ഇന്നും അശുദ്ധി സംഭവിച്ചു. പുണ്യാഹ ക്രിയകള്‍ കഴിഞ്ഞ് ഉച്ചപൂജ നടതുറക്കുമ്പോള്‍ 2.30-മണിയായി. അതിനുശേഷം ഭക്തരെ അകത്തുപ്രവേശിപ്പിയ്ക്കാനാകാതെ ക്ഷേത്രനട മൂന്നുമണിയോടെ അടച്ച് വീണ്ടും മൂന്നരയ്ക്ക് തുറന്ന ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശന സൗകര്യമുണ്ടായത്. വൈശാഖ പുണ്യമാസം പിറന്ന് മൂന്നുദിവസം പിന്നിട്ടസമയത്ത് രണ്ടുദിവസമാണ് ക്ഷേത്രത്തില്‍ ശുദ്ധിക്രിയകള്‍ നടത്തേണ്ടി വന്നത്.

Vadasheri Footer