ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒറ്റകൊമ്പന്‍ രാമു ചരിഞ്ഞു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒറ്റകൊമ്പന്‍ രാമു ചരിഞ്ഞു .52 വയസായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആനകോട്ടയില്‍ വെച്ചാണ് ചെരിഞ്ഞത് . മദപ്പാടില്‍ തളച്ചിരുന്ന ആനയെ ഇക്കഴിഞ്ഞ 21-നാണ് അഴിച്ചത്. മദപ്പാടില്‍ നിന്ന് അഴിച്ചെങ്കിലും തീരെ അവശനായ ഈ ഒറ്റകൊമ്പന്‍, 26-ന് രാവിലെ കിടപ്പിലായി. ക്രെയിൻ ഉപയോഗിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവശതമൂലം ആനക്ക് എഴുന്നേറ്റുനില്‍ക്കാനായില്ല.
ദേവസ്വം വെറ്ററിനറി ഡോക്ടര്‍മാരായ ഡോ: പി.ബി. ഗിരിദാസ്, ഡോ: കെ. വിവേക്, ഡോ: കെ.കെ. മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ തീവ്രപിചരണത്തില്‍ ചികിത്സയിലായിരുന്നെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല . ചേര്‍ത്തല പുരുഷോത്തമനെന്ന ഭക്തനാണ് 02.03.1981-ല്‍ രാമുവിനെ ശ്രീഗുരുവായൂരപ്പന് മുന്നില്‍ നടയിരുത്തിയത്. വി.എന്‍. ബാലകൃഷ്ണന്‍, കെ.വി. ബാലന്‍, സി.വി. സുധീര്‍ എന്നിവരാണ് രാമുവിന്റെ പാപ്പാന്മാര്‍.
തൃശ്ശൂര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ.ടി. സജീവിന്റെ നേതൃത്വത്തില്‍ അസി: കണ്‍സര്‍വേറ്റര്‍ എ. ജയമാധവന്‍, ഫോറസ്റ്റര്‍മാരായ യു. സജീവ്കുമാര്‍, ടി.എം. ഷിവാസ് എന്നിവരുടെ നേതൃത്വത്തില്‍ ആനകോട്ടയില്‍വെച്ച് ഇന്‍ക്വസ്റ്റ് തയ്യാറാക്കി ജഢം എറണാകുളം കോടനാട്ടേക്ക് കൊണ്ടുപോയി. അവിടെവെച്ച് വിശദമായ പോസ്റ്റ്‌മോര്‍ട്ടം നടത്തി കോടനാട് വനത്തില്‍ സംസ്‌ക്കരിച്ചു. രണ്ട് ഒറ്റകൊമ്പന്മാരും, രണ്ട് മോഴയും, അഞ്ച് പിടിയാനയുമടക്കം ഗുരുവായൂര്‍ ദേവസ്വത്തില്‍ ശ്രീഗുരുവായൂരപ്പന്റെ ഗജസമ്പത്ത് ഇതോടെ 48-ആയി കുറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അവസാനമായി ആനയെ നടയിരുത്തിയത് 2011-ഡിസംബര്‍ 21-ന് പാലക്കാട് കല്ലടികോട് സ്വദേശി കെ.ബി. ഗോപിനാഥനെന്ന ഭക്തനാണ്.