ഗുരുവായൂര്‍ ക്ഷേത്രത്തിലെ തൃപ്പുത്തരി ആഘോഷത്തിന് വൻ തിരക്ക്
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ തൃപ്പുത്തരി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. വിശേഷ വിഭവങ്ങളോടെ ഉച്ചപൂജയ്ക്ക്, ക്ഷേത്രം തന്ത്രി ശ്രീകാന്ത് നമ്പൂതിരിപ്പാടാണ് ഭഗവാന് പുത്തരിപായസം നിവേദിച്ചത്. ഉഴിഞ്ഞ വള്ളിചുറ്റിയ ഉരുളിയിലാണ് പുത്തരിപായസം ശ്രീകോവിലിനകത്തേയ്ക്ക് എത്തിച്ചത്. പുത്തരി നിവേദ്യത്തിനുള്ള ഉപ്പുമാങ്ങ പാരമ്പര്യ അവകാശി പുതിയേടത്ത് നാരായണിക്കുട്ടി പിഷാരസ്യാര്‍ തയ്യാറാക്കി നല്‍കി.
കള്ള കര്‍ക്കിടകത്തിലെ വിളവെടുപ്പുകഴിഞ്ഞ് പുതിയ നെല്ലിന്റെ അരികൊണ്ടുള്ള നിവേദ്യവും, പുത്തരിപായസവും, വിശേഷ വിഭവങ്ങളുമാണ് ക്ഷേത്രം തന്ത്രി ഭഗവാന് നിവേദിച്ചത്. താള്, തകര, ചേന, മത്തന്‍, ഇളവന്‍, പയറ്, ഉഴുന്ന്, തഴുതാമ, ഞെട്ടാഞെണിയന്‍ എന്നീ പത്തിനം ഇലകള്‍കൊണ്ടുണ്ടാക്കിയ പത്തില കറികളും, ഉപ്പുമാങ്ങ, പുത്തരിചുണ്ട ഉപ്പേരി, അപ്പം, പഴനുറുക്ക് തുടങ്ങിയവയും, മൂവ്വായിരത്തിലേറെ നാളികേരം ചിരകിയെടുത്ത പുത്തരിപായസവുമാണ് ഭഗവാന് നിവേദിയ്ക്കുന്ന വിശേഷ വിഭവങ്ങള്‍. വര്‍ഷത്തില്‍ തൃപ്പുത്തരി ദിനത്തിൽ മാത്രമാണ് ഇത്തരത്തില്‍ വിശേഷവിഭവങ്ങള്‍കൊണ്ടുള്ള ഭഗവാന്റെ നിവേദ്യം. പിന്നീട് ഉപദേവ ക്ഷേത്രങ്ങളിലും, പുത്തരിപായസം നിവേദിച്ചു. ഉച്ചപൂജ കഴിഞ്ഞയുടന്‍ പരിവാരദേവദകള്‍ക്ക് ഹവിസ്സ് അര്‍പ്പിയ്ക്കാനായി ഉച്ചശീവേലിയും നടന്നു.
തൃപ്പുത്തരി ദിനത്തിലെ പ്രത്യേകതയാണ് ഉച്ചശീവേലി. സാധാരണ ദിവസങ്ങളില്‍ വൈകീട്ടാണ് ശീവേലി നടക്കാറുള്ളത്. തൃപ്പുത്തരി ദിനമായ ഇന്നലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. 2,64,000/-രൂപയുടെ 1200-ലിറ്റര്‍ പായസമാണ് ദേവസ്വം ഭക്തര്‍ക്കായി തയ്യാറാക്കിയത്. ഒരാള്‍ക്ക് 55-രൂപയുടെ രണ്ട് ടിക്കറ്റ് പരിമിതപ്പെടുത്തിയാണ് ടിക്കറ്റ് നല്‍കിയിരുന്നത്. എന്നാല്‍, തൃപ്പുത്തരി പായസത്തിനുള്ള ടിക്കറ്റ് രണ്ടുമണിക്കൂറിനുള്ളില്‍ തീര്‍ന്നത് ഭക്തജനങ്ങള്‍ക്കിടയില്‍ വലിയൊരു പ്രതിഷേധത്തിന് ഇടയാക്കി. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ചുമണിയ്ക്ക് തുറന്ന കൗണ്ടര്‍, ഏഴുമണിയ്ക്ക് അടച്ചതോടേയാണ് പ്രതിഷേധം ശക്തമായത്. ടിക്കറ്റ് വാങ്ങാന്‍ അപ്പോഴും നീണ്ട ക്യൂ ബാക്കിയായിരുന്നു. ദേവസ്വം ജീവനക്കാരും, വേണ്ടപ്പെട്ടവരും ദേവസ്വത്തിന്റെ നിബന്ധനകള്‍ മറികടന്ന് ടിക്കറ്റുകള്‍ കരസ്ഥമാക്കിയതാണ് ഭക്തജനങ്ങള്‍ക്ക് പുത്തരിപായസത്തിന്റെ ശീട്ട് ലഭിയ്ക്കാന്‍ കഴിയാതെ വന്നതെന്ന ആക്ഷേപം വളരെ ശക്തമാണ്