ഉത്രാടനാളിൽ ആശ്രിതവത്സലന് മുന്നിൽ സ്വര്‍ണ്ണവര്‍ണ്ണ കാഴ്ച്ചകുലകള്‍
ഗുരുവായൂര്‍: ഉത്രാടനാളിൽ ആശ്രിതവത്സലന് മുന്നിൽ സ്വര്‍ണ്ണവര്‍ണ്ണ കാഴ്ച്ചകുലകള്‍ സമര്‍പ്പിച്ച് തിരുവോണത്തെ വരവേറ്റ് ഉത്രാടനാളിനെ ആഘോഷമാക്കി മാറ്റിഭക്തർ . സമ്പല്‍സമൃദ്ധിയുടെ പൊന്നോണത്തെ വരവേല്‍ക്കാന്‍ ഭൂമീദേവിയുടെ വരപ്രസാദമായ സ്വര്‍ണ്ണവര്‍ണ്ണ കാഴ്ച്ചകുലകളാല്‍ വാതാലയേശന്റെ തിരുസന്നിധി നിറഞ്ഞു കവിഞ്ഞു.. മാരാരുടെ ശംഖധ്വനിക്കിടയില്‍ ക്ഷേത്രം മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരി ഭഗവാനെ പ്രാര്‍ത്ഥിച്ച് ആദ്യകാഴ്ച്ചകുല ഭഗവാന് സമര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ.കെ. രാമചന്ദ്രന്‍, പി. ഗോപിനാഥ്, എം. വിജയന്‍, ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍ തുടങ്ങിയവരും, ഭക്തജനങ്ങളും ഭഗവാന് കാഴ്ച്ചകുല സമര്‍പ്പണം നടത്തി.
നിമിഷനേരംകൊണ്ടാണ് സ്വര്‍ണ്ണകൊടിമരചുവട് കാഴ്ച്ചകുലകളുടെ സ്വര്‍ണ്ണവര്‍ണ്ണഗോപുരമായി മാറിയത്. തിരുമുല്‍കാഴ്ച്ചയായി ലഭിച്ച പഴകുലകളില്‍ ഒരുവിഹിതം ഭഗവാന്റെ ആനകള്‍ക്കും, ഒരുവിഹിതം ഇന്ന് ഭക്തര്‍ക്ക് നല്‍കുന്ന തിരുവോണസദ്യക്ക് പഴപ്രഥമനുമായി നീക്കിവെച്ചു. ബാക്കി വന്ന കുലകള്‍ ക്ഷേത്രത്തിന് പുറത്തുവെച്ച് ഭക്തര്‍ക്കായി ലേലംചെയ്തു. രാവിലെ ശീവേലിയ്ക്ക്‌ശേഷം ആരംഭിച്ച കാഴ്ച്ചക്കുല സമര്‍പ്പണം രാത്രി അത്താഴപൂജ കഴിഞ്ഞ് നടതുറക്കുന്നതുവരെ നീണ്ടുനിന്നു. ആയിരത്തിലേറെ പഴക്കുലകളാണ് ഭക്തര്‍ നിര്‍ലോഭമായി ഭക്തിപുരസ്സരം ഭഗവാന് മുന്നില്‍ കാഴ്ച്ചവെച്ചത്.
ഭഗവത് ദര്‍ശനത്തിനും അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരുവോണദിനമായ നാളെ ക്ഷേത്രത്തില്‍ മൂന്നുനേരം പ്രഗദ്ഭരുടെ മേളപ്രമാണത്തില്‍ മൂന്നാനകളോടേയുള്ള കാഴ്ച്ചശീവേലിയുമുണ്ടാകും. രാവിലെ നടക്കുന്ന കാഴ്ച്ചശീവേലിക്ക് ദേവസ്വം ആനതറവാട്ടിലെ കാരണവര്‍ ഗജരത്‌നം പത്മനാഭനും, ഉച്ചയ്ക്ക് ഗജകേസരി വലിയ കേശവനും, രാത്രിശീവേലിയ്ക്ക് ഇന്ദ്രസെനും ഭഗവാന്റെ തങ്കതിടമ്പേറ്റും. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കിന്ന്, വിഭവസമൃദ്ധമായ തിരുവോണസദ്യയാണ് ദേവസ്വം ഒരുക്കിയിട്ടുള്ളത്. കാളന്‍, ഓലന്‍, എലിശ്ശേരി, അച്ചാര്‍, കായവറുത്തത്, പഴംനുറുക്ക്, പപ്പടം എന്നിവയും, പഴപ്രഥമനുമാണ് ഇന്നത്തെ വിശേഷവിഭവങ്ങള്‍. ക്ഷേത്രം ഊട്ടുപുരയില്‍ ഇന്ന് നടക്കുന്ന ഓണസദ്യയില്‍ പതിനായിരത്തോളം ഭക്തര്‍ക്കായിട്ടാണ് ദേവസ്വം ഓണസദ്യ ഒരുക്കിയിരിക്കുന്നത്.