ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

">

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇടവേളയ്ക്കുശേഷം ആനയെ പ്രതീകാത്മകമായി നടയിരുത്തി. ദേവസ്വത്തിലെ കൊമ്പന്‍ ബല്‍റാമിനേയാണ് ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളായ മാതേമ്പാട്ട് തറവാട്ടിലെ രഘുനാഥ് നമ്പ്യാര്‍ പ്രതീകാത്മകമായി നടയിരുത്തിയത്. ഇതിനായി അദ്ദേഹം പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. രാവിലെ ശീവേലിയ്ക്കുശേഷം സ്വര്‍ണ്ണകൊടിമരതറയ്ക്കുസമീപം അരിമാവണിഞ്ഞ തറയില്‍ വെള്ളയും, കരിമ്പടവും വിരിച്ചതിനുമുകളില്‍ കൊമ്പനെ ഇരുത്തി.

തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തിയുടെ ചുമതലയുള്ള ക്ഷേത്രം ഓതിയ്ക്കന്‍ തീര്‍ത്ഥം തളിച്ച് ശുദ്ധിവരുത്തി ഭഗവാന് ചാര്‍ത്തിയ കളഭവും, തുരുമുടിമാലയും അണിയിച്ചു. മാതേമ്പാട്ട് തറവാട്ടിലെ കുടുംബാംഗങ്ങള്‍ തോട്ടിയും, കോലും ഏറ്റുവാങ്ങിയതോടെ ചടങ്ങ് പൂര്‍ത്തിയായി. ചടങ്ങിന് ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേസ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ ടി. ബ്രിജകുമാരി, ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റര്‍മാരായ സി. ശങ്കര്‍, ആര്‍. സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പുതിയ ആനകളെ ക്ഷേത്രത്തില്‍ നടയിരുത്തുന്നതിന് നിയമപരമായ സാങ്കേതിക പ്രശ്‌നങ്ങളുള്ളതുകൊണ്ടാണ് കഴിഞ്ഞ കുറേവര്‍ഷങ്ങളായി പ്രതീകാത്മകമായി ക്ഷേത്രത്തില്‍ ആനയെ നടയിരുത്തുന്നത്. പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് ദേവസ്വത്തില്‍ അവസാനമായി നടയിരുത്തിയത് അയ്യപ്പന്‍കുട്ടിയെന്ന കുട്ടികൊമ്പനേയാണ്. അതിനുശേഷം ക്ഷേത്രത്തില്‍ പുതിയ ആനകള്‍ എത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Sponsors