ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മുതല്‍ പ്രസാദ വിതരണം ആരംഭിക്കും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മുതല്‍ ഭഗവാന്റെ നിവേദ്യങ്ങളായ പാല്‍പായസം, നെയ്യ് പായസം, അപ്പം, അട, വെണ്ണ, പഴം,പഞ്ചസാര, അവില്‍, ഭഗവാന് ആടിയഎണ്ണ തുടങ്ങിയ പ്രസാദങ്ങള്‍ സീല്‍ചെയ്ത ഡപ്പകളിലും, കവറുകളിലുമായി ഭക്തര്‍ക്ക് വിതരണം നടത്താനും, തുലാഭാരം, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം തുടങ്ങിയ വഴിപാടുകള്‍ നടത്താനും ഇന്നലെ ചേര്‍ന്ന അടിയന്തിര ഭരണസമിതിയോഗം തീരുമാനിച്ചു. അഷ്ടമിരോഹിണി ദിനത്തില്‍ 10000-അപ്പം, 200-ലിറ്റര്‍ പാല്‍പായസം, 100-അട തുടങ്ങിയ നിവേദ്യങ്ങള്‍ ശീട്ടാക്കാാം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്തര്‍ക്ക് ആവശ്യാനുസരണം പ്രസാദങ്ങള്‍ ശീട്ടാക്കാം.
കൂടാതെ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടംകളി വഴിപാട് ശനിയാഴ്ച്ചമുതല്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റര്‍ക്ക് ഭരണസമിതിയോഗം നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈന്‍ വെര്‍ച്ച്വല്‍ ക്യൂ പ്രകാരം ദര്‍ശനത്തിന് വരുന്ന ഭക്തരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കിഴക്കേനടയിലെ ക്യൂ കോംപ്ലക്‌സ് വഴി കിഴക്കേ ഗോപുരത്തിലൂടെ സ്വര്‍ണ്ണകൊടിമരത്തിനു മുന്നില്‍കൂടി വലിയ ബലികല്ലുവരെപോയി ദര്‍ശനം നടത്താം. ശ്രീകോവിലില്‍ നെയ്യ്‌വിളക്ക് വഴിപാട് നടത്തുന്ന ഭക്തരെ, ക്യൂകോംപ്ലക്‌സിലെ പ്രത്യേക വരിവഴി നേരെ കിഴേേക്ക ഗോപുരത്തിലൂടെ ക്ഷേത്രത്തില്‍ പ്രവേശിപ്പിയ്ക്കാനും അനുവദിയ്ക്കും. ദര്‍ശനത്തിനുശേഷം, നെയ്യ്‌വിളക്ക് ശീട്ടാക്കിയ ഭക്തര്‍ക്ക് അര്‍ഹതപ്പെട്ട നിവേദ്യകിറ്റും ക്ഷേത്രഗോപുരത്തിന്‍നിന്നും ലഭിയ്ക്കും.