ഗുരുവായൂര്‍ മേല്‍ശാന്തിയായി അമ്പലപ്പാറ ചുനങ്ങാട് മൂര്‍ത്തിയേടത്ത് മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു.
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അടുത്ത ആറുമാസകാലത്തേയ്ക്കുള്ള പുതിയ മേല്‍ശാന്തിയായി പാലക്കാട് അമ്പലപ്പാറ ചുനങ്ങാട് മൂര്‍ത്തിയേടത്ത് മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഇന്നലെ രാവിലെ 10.50-ന് ഉച്ചപൂജ നടതുറന്ന സമയത്ത് ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റേയും, ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടിന്റേയും സാന്നിധ്യത്തിലായിരുന്നു, പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. തിങ്കളാഴ്ച്ച തന്ത്രിമാരുമായുള്ള കൂടികാഴ്ച്ചയില്‍ യോഗ്യത നേടിയ 45-പേരില്‍നിന്നുമാണ് പുതിയ മേല്‍ശാന്തിയായി കൃഷ്ണന്‍നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
നമസ്‌ക്കാര മണ്ഡപത്തിലെ വെള്ളികുടത്തില്‍ നിക്ഷേപിച്ച പേരുകളില്‍ നിന്നും മേല്‍ശാന്തിയുടെ ചുമതലയുള്ള ക്ഷേത്രം ഓതിയ്ക്കന്‍ പഴയം നാരായണന്‍ നമ്പൂതിരിയാണ് കൃഷ്ണന്‍ നമ്പൂതിരിയെ നറുക്കിട്ടെടുത്തത്. പാലക്കാട് വരോട് ഹൈസ്‌ക്കൂളിലെ സംഗീതാധ്യാപകനായി വിരമിച്ചയാളാണ് തിരഞ്ഞെടുക്കപ്പെട്ട പുതിയ മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരി. രണ്ടാം തവണയിലെ അപേക്ഷയിലാണ് ഇദ്ദേഹത്തിന് നറുക്കുവീണത്. പരേതരായ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റേയും, ഉമാദേവി അന്തര്‍ജ്ജനത്തിന്റേയും മകനാണ് നിയുക്തമേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരി. ഒറ്റപ്പാലം വരോട് എ.എം.എല്‍.പി സ്‌ക്കൂളിലെ പ്രധാനാദ്ധ്യാപിക ലതാ അന്തര്‍ജ്ജനമാണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി. മക്കള്‍: ആയുര്‍വ്വേദ ഡോക്ടറായ ഹരികേഷ് നമ്പൂതിരി, ഹര്‍ഷ. മരുമകന്‍: തൃശ്ശൂര്‍ പുതുമനശ്ശേരി മനയ്ക്കല്‍ അര്‍ജ്ജുന്‍ വാസുദേവ് (ന്യൂസിലാന്റ്).
പ്രധാനമായും അമ്മാമന്റെ മകന്‍ തിയ്യന്നൂര്‍ മനയ്ക്കല്‍ പ്രമോദ് നമ്പൂതിരിയില്‍നിന്നും, കൂടാതെ അഛന്‍, അമ്മാമന്മാര്‍ തുടങ്ങിയവരില്‍ നിന്നുമാണ് ഇദ്ദേഹം പൂജാവിധികള്‍ സ്വായത്താക്കിയത്. നിലവില്‍ മണ്ണാര്‍ക്കാട് അലനെല്ലൂര്‍ ഞെരളത്ത് ക്ഷേത്രം, ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം, മണ്ണാര്‍ക്കാട് ചെത്തല്ലൂര്‍ ശ്രീകൃഷ്ണക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ പൂജചെയ്തുവരികയായിരുന്നു, റിട്ട: അദ്ധ്യാപകന്‍ കൂടിയായ കൃഷ്ണന്‍ നമ്പൂതിരി. ഇദ്ദേഹത്തിന്റെ അമ്മാമന്മാരായ തിയ്യന്നൂര്‍ മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി, ശങ്കരനാരായണന്‍ നമ്പൂതിരി തുടങ്ങിയവരും, അമ്മാമന്മാരുടെ മക്കളും വിവിധ കാലയളവിലായി ഒന്നിലേറെ തവണ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിമാരായി ഭഗവാനെ സേവിച്ചിട്ടുണ്ട്.
ഇന്നുമുതല്‍ ക്ഷേത്രത്തില്‍ ഭജനം തുടങ്ങുന്ന ഇദ്ദേഹം, ഈമാസം 30-ന് അത്താഴപൂജയ്ക്കുശേഷം അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം വാങ്ങി മേല്‍ശാന്തിയായി ചുമതലയേല്‍ക്കും. ഒക്ടോബര്‍ 1-മുതല്‍ മാര്‍ച്ച് 31-വരേയാണ് മേല്‍ശാന്തിയുടെ കാലാവധി. മേല്‍ശാന്തി തിരഞ്ഞെടുപ്പുസമയത്ത് ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനമുണ്ടായിരുന്നില്ല. മേല്‍ശാന്തി നറുക്കെടുപ്പില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ. അജിത്, കെ.വി. ഷാജി, ഇ.പി.ആര്‍ വേശാലമാസ്റ്റര്‍, ക്ഷേത്രം മാനേജര്‍ പ്രവീണ്‍ ടി. കുമാര്‍, ദേവസ്വം അഡ്മിനിസ്റ്റ്രേറ്ററുടെ ചുമതലയുള്ള ടി. ബ്രീജാകുമാരി, ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റര്‍ ആര്‍. സുനില്‍കുമാര്‍, കൂടാതെ ക്ഷേത്രത്തിനകത്ത് പ്രവര്‍ത്തിയിലുണ്ടായിരുന്ന ജീവനക്കാര്‍ എന്നിവരെകൂടാതെ മറ്റാരും നറുക്കെടുപ്പ് സമയത്ത് നാലമ്പലത്തിനകത്ത് ഉണ്ടായിരുന്നില്ല.