കോവിഡ്, ഗുരുവായൂർ ക്ഷേത്ര പരിസരം ലോക് ഡൗണിൽ

ഗുരുവായൂര്‍: കോവിഡ് വ്യാപനത്തിന്റെ പേരിൽ ഗുരുവായൂർ ക്ഷേത്ര പരിസരം ലോക് ഡൗണിൽ ആക്കി . ഭക്തര്‍ക്ക് ദര്‍ശന സൗകര്യമില്ലാതെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, ഗുരുവായൂര്‍ ക്ഷേത്രവും, ചുറ്റുപാടും വീണ്ടും നിശബ്ദമായി. ഇന്നര്‍ റിങ്ങ് റോഡ് മുഴുവന്‍ കണ്ടയ്നമെന്റ് സോണായതിന്റെ ഭാഗമായി കച്ചവട സ്ഥാപനങ്ങള്‍ കൂടി അടച്ചിട്ടതോടെ, ഗുരുവായൂര്‍ ക്ഷേത്രപരിസരം തികച്ചും നിശബ്ദമായി. കിഴക്കേ ഗോപുരനടയില്‍ നിന്നുമുള്ള ദര്‍ശന സൗകര്യം മാറ്റി സത്രം ഗൈറ്റിനരികിലാക്കിയപ്പോള്‍, നിത്യവും പുറമേനിന്ന് ദര്‍ശനത്തിനെത്തുന്നവരുടേയും വരവില്ലാതായി.

അപ്രതീക്ഷിതമായി ഗുരുവായൂര്‍ ക്ഷേത്രവും, പരിസരവും കണ്ടയ്നമെന്റ് സോണാക്കി നിയന്ത്രണവിധേയമാക്കിയപ്പോള്‍, വിഷമ വൃത്തത്തിലായത് ദര്‍ശനം നടത്താനായി പുറമേനിന്നും ഗുരുവായൂരിലെത്തിയവരായിരുന്നു. ഇക്കൂട്ടര്‍ കിഴക്കേനട സത്രംഗൈറ്റിനരികിലെത്തി ഭഗവാനെ പ്രാര്‍ത്ഥിച്ച് മടങ്ങി. മുന്‍കൂട്ടി ബുക്ക്‌ചെയ്ത പ്രകാരം, ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകളുടെ അടക്കം അഞ്ച് വിവാഹങ്ങള്‍ ശനിയാഴ്ച നടന്നു. പൂജാവിധിക്രമങ്ങളെല്ലാം ചടങ്ങുകള്‍ മാത്രമായിട്ടാണ് നടന്നത്. അവസാനം നടന്ന വിവാഹസംഘം എത്താന്‍ വൈകിയതുമൂലം ക്ഷേത്രനട അടയ്ക്കാന്‍ 12-മണി കഴിഞ്ഞു.

കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി ദേവസ്വം ചെയര്‍മാനും, ഭരണസമിതി അംഗങ്ങളും ക്ഷേത്രത്തില്‍ നടപ്പില്‍ വരുത്തിയ പരിഷ്‌ക്കാരമാണ് ക്ഷേത്രനഗരിയെ ഇപ്പോള്‍ ലോക്ഡൗണിലേക്ക് എത്തിച്ചത് . ഏകാദശി ദിവസം ഒരു പരിശോധനയും കൂടാതെ നൂറുകണക്കിന് ആളുകളെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത് . ഇതിൽ തന്നെ ദേവസ്വം മന്ത്രിയുടെ ഭാര്യയെയും സംഘത്തിനെയും ചട്ടങ്ങൾ ലംഘിച്ചു നാലമ്പലത്തിനകത്തേക്ക് കൂടി കടത്തി വിട്ടിരുന്നു . ഇതിനെതിരെഉയർന്നു വരുന്ന പ്രതിഷേധം തണുപ്പിക്കാൻ വേണ്ടിയാണ് എല്ലാ ഭക്തർക്കും നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനം അനുവദിച്ചത് .

ഇതോടെ ക്ഷേത്രത്തിനകത്തെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം ലംഘിക്കപ്പെട്ടു . ക്ഷേത്രത്തിനകത്തെ പല പ്രവർത്തിക്കാരും മതിയായ സുരക്ഷാ മുൻ കരുതലുകൾ എടുത്തിരുന്നില്ല എന്ന് ആരോപണവും ഉയർന്നിരുന്നു . സംഭവം കൈവിട്ടു പോകുമെന്ന് കണ്ട് നാലമ്പലത്തിനകത്തേക്ക് ഭക്തർക്കുള്ള പ്രവേശനം ദിവസങ്ങൾക്കകം ദേവസ്വം തടഞ്ഞിരുന്നു ,അപ്പോഴും കീഴ് ശാന്തിമാരുടെ കുടുംബാംഗങ്ങൾക്ക് ഒരു പരിശോധനയും ഇല്ലാതെ പ്രവേശനം അനുവദിച്ചിരുന്നു . മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കീഴ് ശാന്തിമാരുടെ കുടുംബാംഗങ്ങളുടെ വോട്ട് ലക്ഷ്യമാക്കിയാണ് ഇത്തരം നിലപാടിലേക്ക് ദേവസ്വം എത്തിയതത്രെ . ക്ഷേത്രം നിൽക്കുന്ന വാർഡിലും , മുൻ ഏരിയ സെക്രട്ടറി മത്സരിക്കുന്ന വാർഡ് 17 ലും നിർണായക ശക്തിയായ കീഴ്ശാന്തി കുടുംബങ്ങളിലെ വോട്ട് ലക്ഷ്യമാക്കിയാണ് ഈ ആനുകൂല്യം നൽകിയതെന്ന് ആരോപണം ഉയർന്നിരുന്നു . ഒരു പരിശോധനയും ഇല്ലാതെ ഇത്തരത്തിൽ നൂറുകണക്കിന് പേരാണ് ദിവസവും ക്ഷേത്രത്തിലേക്ക് പ്രവേശിച്ചിരുന്നത് .ഒടുവിൽ ക്ഷേത്ര പരിസരം തന്നെ ലോക് ഡൗണിൽ ആക്കി .