ഗുരുവായൂരിലെ നെയ്പായസത്തിനെതിരെ പരാതി പ്രളയം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ നിന്ന് നൽകുന്ന നെയ് പായസത്തെ കുറിച്ച് വ്യാപകമായ ആക്ഷേപം .പലർക്കും കേടുവന്ന നെയ്പായസമാണ് ലഭിക്കുന്നതെന്ന് കാണിച്ച് നിരവധി പേരാണ് ദേവസ്വം ആഫീസിലേക്ക് പരാതി അയക്കുന്നതത്രെ .കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ സ്വദേശിയായ ഡോക്ടറും ദേവസ്വത്തിലേക്ക് പരാതി അയച്ചിരുന്നു നെയ് പായസം 20 ദിവസം വരെ കേടു കൂടാതെ ഇരിക്കും എന്ന് ദേവസ്വം അവകാശ പെടുന്നുണ്ടെങ്കിലും അതിനു മുൻപ് തന്നെ പൂപ്പൽ ബാധിക്കുന്നതായി ഭക്തർ ആരോപിക്കുന്നു .

ടിന്നിൽ അടച്ച് വിതരണം ചെയ്യുന്ന നെയ് പായസത്തിന് നിർമാണതിയ്യതിയോ, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്ർസ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ ) നമ്പറോ രേഖപ്പെടുത്തിയിട്ടില്ല .എഫ് എസ് എസ് എ ഐ നമ്പർ രേഖ പ്പെടുത്താതെ ഒരു ഭക്ഷണ സാധനങ്ങളും വിൽക്കാൻ പാടില്ലെന്ന് കർശന നിയമം നില നിൽക്കുമ്പോഴാണ് ഗുരുവായൂർ ദേവസ്വം അതെല്ലാം കാറ്റിൽ പറത്തി കാലാവധി കഴിഞ്ഞതടക്കമുള്ള നെയ് പായസം വിതരണം ചെയ്യുന്നത് . ടിന്നിൽ നെയ് പായസം വിതരണം ചെയ്യുമ്പോൾ തന്നെ , പാൽപായസം നൽകുന്നത് പോലെ ഭക്തർ നൽകുന്ന പാത്രത്തിലും നേരത്തെ നെയ് പായസം നൽകിയിരുന്നു അതിപ്പോൾ ടിന്നിൽ മാത്രമാക്കി മാറ്റി .

ഗുരുവായൂർ ക്ഷേത്ര ത്തിൽ വിതരണം ചെയ്യുന്നത് അതാത് ദിവസം ഭഗവാന് നിവേദിച്ച പ്രസാദമാണ് . രാവിലെ ഉഷ:പൂജകഴിഞ്ഞ് 6-മണിമുതല്‍ 11-മണിവരെ മാത്രമേ നെയ്യ്പായസം ഭക്തര്‍ക്ക് വിതരണം ചെയ്തിരുന്നുള്ളു. ഇപ്പോൾ ഏതു സമയത്തും ലഭിക്കുമെന്നതിന് പുറമെ പഴകി ഉപയോഗ ശൂന്യമായതടക്കമാണ് പ്രസാദമായി നൽകുന്നത് എന്നാണ് ഭക്തരുടെ പരാതി . പഴകിയ നെയ് പായസം വിതരണം ചെയ്ത് തുടങ്ങിയതോടെ നാട്ടുകാർ നെയ് പായസം വഴിപാട് ആക്കുന്നത് വളരെ കുറച്ചു . ഇപ്പോൾ അന്യ സ്ഥലത്ത് നിന്നുള്ളവരാണ് നെയ് പായസം ശീട്ടാക്കുന്നത് . കൊണ്ട് പോകുന്ന പ്രസാദം ഉപയോഗിക്കാൻ കഴിയാത്തത് ആണെന്ന് വന്നാൽ ഒരിക്കൽ വാങ്ങിയവരാരും പിന്നെ നെയ് പായസം ശീട്ടാക്കാൻ തയ്യാറാകില്ല . ഇത് ഭാവിയിൽ നെയ് പായസ വഴിപാട് തന്നെ ഇല്ലാതാകുന്ന തരത്തിലേക്ക് ആണ് എത്തുക എന്നാണ് ഭക്തർ ഭയക്കുന്നത്