ആദ്യാക്ഷരം കുറിക്കാൻ ഗുരുവായൂരിൽ നൂറുകണക്കിന് കുരുന്നുകളെത്തി

">

ഗുരുവായൂര്‍: അക്ഷരമധുരം നുകര്‍ന്ന് അറിവിന്റെ ലോകത്തേയ്ക്ക് പിച്ചവെയ്ക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേയ്ക്ക് നൂറുകണക്കിന് കുരുന്നുകളെത്തി. പുലര്‍ച്ചെ മുതല്‍തന്നെ ആദ്യാക്ഷരം എഴുതുന്നതിനുള്ള നൂറുകണക്കിന് കുട്ടികളാണ് ക്ഷേത്രത്തില്‍ എത്തിയിരുന്നത്. കണ്ണനെ വണങ്ങി വിദ്യാദേവതയുടെ അനുഗ്രഹവും വാങ്ങിയാണ് കുരുന്നുകള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്.

രാവിലെ ശീവേലിയ്ക്കുശേഷം ഏഴരയോടെ ക്ഷേത്രം എഴുത്തിനിരുത്തല്‍ മണ്ഡപത്തില്‍ 13-കീഴ്ശാന്തി കുടുംബത്തിലെ കാരണവന്മാരാണ് കുരുന്നുകള്‍ക്ക് സ്വര്‍ണ്ണംകൊണ്ട് നാവിന്‍ തുമ്പിലും, കുട്ടികളുടെ ചൂണ്ടുവിരല്‍കൊണ്ട് പിച്ചള താമ്പാളത്തിലെ ഉണങ്ങല്ലരിയിലും ”ഹരി:ശ്രീ ഗ ണ പ ത യ നമ:” എന്ന് വിദ്യയുടെ ആദ്യാക്ഷരം പകര്‍ന്നുനല്‍കിയത്.

കൂത്തമ്പലത്തില്‍ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തില്‍ ഗണപതി, ഗുരു, സരസ്വതി, ദക്ഷിണാമൂര്‍ത്തി, വ്യാസന്‍ തുടങ്ങി ദേവീദേവന്മാര്‍ക്ക് ക്ഷേത്രം ഓതിയ്ക്കന്‍ നമ്പൂതിരി പത്മമിട്ട് പൂജനിര്‍വ്വഹിച്ചശേഷം, ക്ഷേത്രം കോയ്മമാരായ രാമസ്വാമി അയ്യര്‍, ഗുരുവായൂര്‍ മണികണ്ഠ അയ്യര്‍, ടി.എസ്. അശോകന്‍ തുടങ്ങിയവര്‍ സര്വതി മണ്ഡപത്തിലെ നിലവിളക്കില്‍നിന്ന് കൊളുത്തിയ കൊടിവിളക്ക് ദീപവും, ഗണപതി, ഗുരുവായൂരപ്പന്‍, സരസ്വതിദേവി എന്നീ ദേവീദേവന്മാരുടെ മാലചാര്‍ത്തിയ ഫോട്ടോകളും നാദസ്വരത്തിന്റെ അകമ്പടിയില്‍ എഴുത്തിനിരുത്തല്‍ മണ്ഡപത്തിലേയ്ക്ക് എഴുന്നെള്ളിച്ചു. മണ്ഡപത്തില്‍ തയ്യാറാക്കിവെച്ചിരുന്ന വലിയ നിലവിളക്കിലേയ്ക്ക് ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി ദീപം പകര്‍ന്നതോടെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors