ഗുരുവായൂര്‍ ക്ഷേത്ര തുലാഭാര തട്ടില്‍ നിന്ന്‍ കശുവണ്ടി മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തുനിന്നും തുലാഭാരത്തിനായി കൊണ്ടുവന്ന കശുവണ്ടി പരിപ്പ് മോഷ്ടിച്ച കരാറുകാരന്റെ സഹായിയെ, ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് പ്രതിയുടെ വീട്ടുപരിസരത്തുനിന്നും സാഹസികമായി പിടികൂടി. പോലീസെത്തിയ വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം നടത്തവേയാണ്, തുലാഭാര കരാറുകാരന്റെ സഹായിയായ കൂനംമൂച്ചി കണ്ടംപ്പുള്ളി വീട്ടില്‍ പ്രമോദിനെ (46) ഗുരുവായൂര്‍ ടെമ്പിള്‍ എസ്.ഐ: എ. അനന്തകൃഷ്ണനും, സംഘവും പിടികൂടിയത്.
കഴിഞ്ഞ മാസം അവസാനത്തിലാണ് കരാറുകാരനും, സഹായിയും ചേര്‍ന്ന് ക്ഷേത്രത്തില്‍ തുലാഭാരത്തിനായെത്തിയ പത്തുകിലോയോളം വരുന്ന മേത്തരം കശുവണ്ടി പരിപ്പ് തുലാഭാര കൗണ്ടറിലെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചും, റജിസ്റ്ററില്‍ ചേര്‍ക്കാതേയും കടത്തിയത്. ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ ടെമ്പിള്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തവേയാണ് പ്രതികള്‍ ഒളിവില്‍ പോയത്. ഇതിനിടെ തൃശ്ശൂര്‍ ജില്ല സെഷന്‍സ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. എ.എസ്.ഐ: പി.എസ്. അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ കെ.എം. നിതീഷ് എന്നിവരും പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു