പീഡന ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതി വിമാനത്താവളത്തിൽ പിടിയിൽ

ഗുരുവായൂര്‍: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ യുവാവ് തിരിച്ചു വിമാനത്താവളത്തിൽ എത്തിയപ്പോൾ പൊലീസിൻറെ പിടിയിലായി. പാലക്കാട് പഴമ്പാലക്കോട് തെക്കേപീടിക വീട്ടിൽ അൻഷിഫിനെയാണ് (24) ടെമ്പിൾ പൊലീസ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കിഴക്കെ നടയിലെ ലോഡ്ജിൽ കൊണ്ടുവന്ന് പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നു. പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസിൻറെ അന്വേഷണത്തിൽ വ്യക്തമായി. ഇതേ തുടർന്ന് കമീഷണർ യതീഷ്ചന്ദ്രയുടെ നിർദേശ പ്രകാരം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പ്രതി നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് പൊലീസിന് വിവരം നൽകി. ടെമ്പിൾ പൊലീസ് വിമാനത്താവളത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സി.ഐ പി.എസ്. സുനിൽകുമാർ, എസ്.ഐ പി.എം. വിമോദ്, എ.എസ്.ഐമാരായ അനിരുദ്ധൻ, പി.എസ്. അനിൽകുമാർ, സീനിയർ സി.പി.ഒമാരായ സജിത്ത്കുമാർ, സി.പി.ഒമാരായ ഗിരീഷ്, ലിയോ ജോൺ, രതീഷ്, ശരത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി‍യ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 2017 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്