Above Pot

ഗുരുവായൂരിൽ റബ്ബർ സ്റ്റാമ്പ് ചെയർമാൻ ,ആഞ്ഞടിച്ച് പ്രതിപക്ഷം

ഗുരുവായൂര്‍: കൗൺസിലിൽ ചെയർപേഴ്സനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. തങ്ങൾക്കുള്ളിലെ ഭിന്നതകളെല്ലാം മാറ്റി വെച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ ചെയർപേഴ്സൻ വി.എസ്. രേവതിക്കെതിരെ ആഞ്ഞടിച്ചത്. ചെയർപേഴ്സണെ പ്രതിരോധിക്കാൻ സി.പി.എമ്മിൻറെയും ജനതാദളിൻറെയും കൗൺസിലർമാർ രംഗത്തെത്തിയെങ്കിലും സ്വന്തം കക്ഷിയായ സി.പി.ഐയിലെ ഒരംഗവും സഹായത്തിനെത്തിയില്ല. ഒരു ചോദ്യങ്ങൾക്കും ഉത്തരം നൽകാത്ത ചെയർപേഴ്സൺ രാജിവെച്ചു പോകണമെന്ന് വരെ കോൺഗ്രസിലെ ജോയ് ചെറിയാൻ ആവശ്യപ്പെട്ടു. റബർ സ്റ്റാമ്പ് ഏകാധിപത്യമാണ് നഗരസഭയിലെന്നായിരുന്നു എ.ടി. ഹംസയുടെ പരിഹാസം. സ്ഥാനം ലഭിക്കാൻ വേണ്ടി നടത്തിയ പ്രതിഷേധങ്ങളുടെ ആവേശമൊന്നും ഭരണത്തിൽ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചെയർപേഴസണ് നിയന്ത്രിക്കാൻ അറിയാത്തതിനാലാണ് കൗൺസിൽ അനന്തമായി നീളുന്നതെന്ന് ലത പ്രേമൻ പറഞ്ഞു. ചോദ്യത്തിന് ഉത്തരം നൽകാതെ അടുത്ത അജണ്ടയിലേക്ക് കടക്കാൻ ശ്രമിച്ചതോടെ റഷീദ് കുന്നിക്കലും ജലീൽ പണിക്കവീട്ടിലും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എല്ലാ അജണ്ടകളുടെ അവസാനവും യെസ് എന്നു പറയുന്ന ചെയർപേഴ്സൺ യെസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തമാക്കണമെന്ന് പി.എസ്. രാജൻ ആവശ്യപ്പെട്ടു. ചെയർപേഴ്സണ് നേരെയെത്തിയ വിമർശന ശരങ്ങളെയെല്ലാം സി.പി.എം കൗൺസിലർമാരും ജനതാദൾ എസിലെ സുരേഷ് വാര്യരും ചേർന്നാണ് പ്രതിരോധിച്ചത്. അമൃത് കുടിവെള്ള പദ്ധതി കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് എ.പി. ബാബു ആരോപിച്ചു. അമൃതിലെ കാന നിർമാണം ലോഡ്ജുകാർക്ക് കക്കൂസ് മാലിന്യം ഒഴുക്കാനുള്ള മറയായി മാറിയെന്ന് ആൻറോ തോമസും പറഞ്ഞു. മഴ തുടങ്ങാനിരിക്കെ പടിഞ്ഞാറെ നടയിലെ റോഡ് പൊളിച്ചിടാൻ വാട്ടർ അതോറിറ്റിക്ക് ആരാണ് അനുവാദം നൽകിയതെന്ന് ശോഭ ഹരിനാരായണൻ ചോദിച്ചു. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ട ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നിർമാണ അനുമതി തേടിയുള്ള അജണ്ട വിമർശനത്തിന് കാരണമായി. ഇവിടെയുള്ള ബോർഡിൽ നഗരസഭയുടെ പേര് ഉൾപ്പെടുത്തണമെന്ന് സുരേഷ് വാര്യർ ആവശ്യപ്പെട്ടു. മാസങ്ങൾക്ക് മുമ്പ് തൈക്കാട് ഉദ്ഘാടനം ചെയ്ത മൃഗാശുപത്രിയും പകൽവീടും ഉദ്ഘാടനത്തിന് ശേഷം ഇന്ന് വരെ തുറന്നിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ചെയർപേഴ്സൺ വി.എസ്. രേവതി അധ്യക്ഷത വഹിച്ചു.

First Paragraph  728-90