നിശാഗന്ധി സര്‍ഗോത്സവവും പുഷ്‌പോത്സവവും ഞായാഴ്ച ആരംഭിക്കും

ഗുരുവായൂർ : ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് നഗരസഭ സംഘടിപ്പിക്കുന്ന നിശാഗന്ധി സര്‍ഗോത്സവവും പുഷ്‌പോത്സവവും ഞായാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കുമെന്ന് നഗരസഭാധ്യക്ഷ വി.എസ്. രേവതി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പുഷ്‌പോത്സവം കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ പുഷ്‌പോത്സവവും നിശാഗന്ധി സര്‍ഗോത്സവം നടന്‍ ദേവനും ഉദ്ഘാടനം ചെയ്യും. നിശാഗന്ധി സര്‍ഗോത്സവത്തിന്റെ ഭാഗമായി ദിവസവും വൈകീട്ട് ആറിന് കലാപരിപാടികള്‍ അരങ്ങേറും.

ഞായറാഴ്ച ഉദ്ഘാടന ചടങ്ങിന് ശേഷം ഗാനമേള അരങ്ങേറും. 18ന് ‘വെറൈറ്റി ഷോ’യും , 19ന് ഉമ്പായിയുടെ സ്മരണാര്‍ഥം ‘ഹൃദയ് ഗീത്’ എന്ന പരിപാടിയും അവതരിപ്പിക്കും. 20ന് ഡോ. വസന്തകുമാര്‍ സാംബശിവന്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം ചണ്ഡാല ഭിക്ഷുകിയും , 21ന് കലാമണ്ഡലം അവതരിപ്പിക്കുന്ന നവകേരളം നൃത്തശില്‍പ്പവും കുഴല്‍മന്ദം രാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന മൃദു തരംഗുമാണ് അരങ്ങേറുക. 22ന് പ്രാദേശിക കലാകാരന്മാരുടെ നാട്ടുഗരിമയും, 23ന് ‘ജ്ജ് നല്ലൊരു മനുസനാകാന്‍ നോക്ക്’ നാടകവും അവതരിപ്പിക്കും. 24ന് സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സൂഫി ഗസലാണ് അരങ്ങിലെത്തുക.

25ന് നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരങ്ങളും ഉള്‍ക്കൊള്ളിച്ച ആദിമക്കള്‍ അവതരിപ്പിക്കും. 26ന് സിനിമാറ്റിക് കോമഡി മെഗാഷോയോടെ സര്‍ഗോത്സവം സമാപിക്കും. നിശാഗന്ധി സര്‍ഗോത്സവത്തിന് പ്രവേശനം സൗജന്യമാണ്. പുഷ്‌പോത്സവത്തിന് 30 രൂപയാണ് ടിക്കറ്റ് നിരക്ക്. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്. വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്,സ്ഥിരം സമിതി അധ്യക്ഷരായ ടി.എസ്. ഷെനില്‍, എം. രതി, ഷൈലജ ദേവന്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.