Madhavam header
Above Pot

ഗുരുവായൂർ നഗര സഭ ,രണ്ടും കല്പിച്ചു സിപിഐ , സി പി എം പ്രതിസന്ധിയിൽ

ഗുരുവായൂർ : ഗുരുവായൂർ നഗര സഭ ചെയർമാന്റെ രാജി നീളുന്നതിനെ ചൊല്ലി ഭരണ മുന്നണിയിൽ പൊട്ടിത്തെറി .ചെയർമാന്റെ ഉടനെയുള്ള രാജിയിൽ കുറഞ്ഞതൊന്നും തങ്ങൾക്ക് സ്വീകാര്യമല്ല എന്ന നിലപാട് കൈകൊണ്ട് രണ്ടും കല്പിച്ചു സിപി ഐ ഇറങ്ങിയതോടെ സി പി എമ്മും പ്രതിസന്ധിയിലായി. മുന്നണി ധാരണകൾക്ക് വിരുദ്ധമായി ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ പ്രൊഫസർ പി കെ ശാന്തകുമാരി തൽസ്ഥാനത്ത് കാലാവധി കഴിഞ്ഞിട്ടും തുടരുന്നതിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗം ബഹിഷ്കരിക്കാൻ സിപിഐ പാർലമെൻററി പാർട്ടി യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പങ്കെടുത്ത യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. നഗരസഭാ ഭരണം ആദ്യ മൂന്നു വർഷം ശാന്തകുമാരിക്കും അടുത്ത ഒരു വർഷം സിപിഐക്കും അതിനടുത്ത ഒരു വർഷം സിപിഎമ്മിനും എന്നതായിരുന്നു ധാരണ. ഇതുപ്രകാരം നവംബർ 18നായിരുന്നു ശാന്തകുമാരി രാജി വെക്കേണ്ടിയിരുന്നത്. എന്നാൽ ചില ഉദ്ഘാടനങ്ങൾ നടക്കാൻ ഉള്ളതിനാൽ നവംബർ 30 വരെ സമയം നീട്ടി നൽകുകയായിരുന്നു. എന്നാൽ ഈ സമയം കഴിഞ്ഞിട്ടും രാജിവയ്ക്കാൻ അവർ തയ്യാറായില്ല. ഇതേത്തുടർന്നാണ് സിപിഐ പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നത്. തിങ്കളാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ സിപിഐ അംഗങ്ങൾ പങ്കെടുക്കില്ല എന്ന് കാണിച്ച് സിപിഎം നേതൃത്വത്തിന് സിപിഐ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി മുഹമ്മദ് ബഷീർ കത്ത് നൽകിയിട്ടുണ്ട്. ഗുരുവായൂരിൽ സി.പി.ഐ വിട്ടു നിന്നാലും കോൺഗ്രസ് അംഗങ്ങൾക്കിടയിൽ നിൽക്കുന്ന പടലപിണക്കം കാരണം ഭരണത്തിൽ പ്രതിസന്ധി ഉണ്ടാവുകയില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ

Vadasheri Footer