Madhavam header
Above Pot

ഗുരുവായൂർ നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ വി.എസ്. രേവതി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.

ഗുരുവായൂര്‍: ബുധനാഴ്ച നടക്കുന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ വി.എസ്. രേവതിയെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. സുഷ ബാബുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി.പി.ഐ ജില്ല കമ്മിറ്റിയാണ് രേവതിയെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. എല്‍.ഡി.എഫ് യോഗം ഇതിന് അംഗീകാരം നല്‍കി. ഡി.സി.സിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. ആന്റോ തോമസ് നേതൃത്വം നല്‍കുന്ന വിഭാഗത്തിലെ കൗണ്‍സിലറാണ് സുഷ.

പ്രതിപക്ഷ നേതാവ് എ.പി. ബാബു നേതൃത്വം നല്‍കുന്ന വിഭാഗം മൂന്ന് സ്ഥാനാര്‍ഥികളുടെ പട്ടിക ഡി.സി.സിക്ക് നല്‍കിയിരുന്നെങ്കിലും ആന്റോ തോമസ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയെയാണ് അംഗീകരിച്ചത്. സുഷക്ക് വോട്ട് ചെയ്യാന്‍ ഡി.സി.സി പ്രസിഡന്റ് വിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11ന് കൗണ്‍സില്‍ ഹാളിലാണ് തെരഞ്ഞെടുപ്പ്. 43 അംഗങ്ങളുള്ള കൗണ്‍സിലില്‍ 21 അംഗങ്ങളാണ് എല്‍.ഡി.എഫിനുള്ളത്. സ്വതന്ത്ര അംഗമായ പ്രൊഫ. പി.കെ. ശാന്തകുമാരിയുടെ പിന്തുണയോടെയാണ് എല്‍.ഡി.എഫ് ഭരണത്തില്‍ തുടരുന്നത്. യു.ഡി.എഫിന് 20 അംഗങ്ങളും ബി.ജെ.പിക്ക് ഒരു അംഗവുമാണുള്ളത്.

Astrologer

ഇതിനിടെ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ട കോണ്‍ഗ്രസ് കൗണ്‍സിലർ ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ടി.കെ. വിനോദ്കുമാറിനെയാണ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. വിനോദ്കുമാറിന്റെ ഭാര്യ അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഉള്‍പ്പെടുന്ന പാനലില്‍ മത്സരിക്കുന്നുണ്ട്. അര്‍ബന്‍ ബാങ്കിനെതിരായ സമരത്തില്‍ പ്രത്യക്ഷമായി രംഗത്തെത്തിയിരുന്ന കൗണ്‍സിലര്‍മാരില്‍ ഒരാളാണ് വിനോദ്കുമാര്‍. പ്രതിപക്ഷ നേതാവ് എ.പി. ബാബു നേതൃത്വം നല്‍കുന്ന വിഭാഗത്തിലാണ് വിനോദ് ഉള്‍പ്പെടുന്നത്. ഈ വിഭാഗം നിര്‍ദേശിച്ച ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയെ ഡി.സി.സി അംഗീകരിച്ചില്ല.

Vadasheri Footer