കോവിഡിന്റെ പേരിൽ ഗുരുവായൂരിൽ ലോക് ഡൌൺ , വ്യാപക പ്രതിഷേധം
ഗുരുവായൂര്‍: കോവിഡ് വ്യാപനത്തിന്റെ പേര് പറഞ്ഞു ക്ഷേത്ര പരിസരം ലോക്ക് ഡൗണിൽ ആക്കിയതിനെതിരെ വ്യാപക പ്രതിഷേധം . കേന്ദ്ര സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ഗുരുവായൂരിലെ ലോക് ഡൌൺ എന്നാണ് പരാതി .കോവിഡിനൊപ്പം ജീവിക്കാനാണ് കേന്ദ്ര സർക്കാർ തന്നെ പറയുന്നത് അതിന് വിരുദ്ധമായാണ് ജില്ലാ ഭരണ കൂടം നിലപാട് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം ഗുരുവായൂര്‍ ക്ഷേത്രം നിലകൊള്ളുന്ന ഇന്നര്‍ റിങ്ങ് റോഡിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടാനുള്ള ജില്ല ഭരണകൂടത്തിന്റേയും, ജില്ല മെഡിക്കല്‍ ഓഫീസറുടേയും, ഗുരുവായൂര്‍ അസി: കമ്മീഷണറുടേയും ഉത്തരവ് പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍ മര്‍ച്ചന്‍സ് അസോസിയേഷന്‍ എം.എല്‍.എ, തൃശ്ശൂര്‍ ജില്ല കലക്ടര്‍, ഗുരുവായൂര്‍ പോലീസ് അസി: കമ്മീഷണര്‍, ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.
കോവിഡ് ബാധിച്ചവരെല്ലാം ക്ഷേത്രം ജീവനക്കാരാണെന്നല്ലാതെ ഇവരാരുംതന്നെ ഈ പ്രദേശത്തെ താമസക്കാരല്ല. ഇവരെല്ലാം നിരീക്ഷണത്തിലിരിയ്ക്കുന്നത് മറ്റുപല സ്ഥലങ്ങളിലാണ്. ഈ സാഹചര്യത്തില്‍ ഇന്നര്‍ റിങ്ങ് റോഡിന് ചുറ്റുമുള്ള സ്ഥാപനങ്ങള്‍ അടച്ചിടുന്നത് രോഗവ്യാപനത്തിന് ഗുണംചെയ്യുമെന്ന് കരുതാനാവില്ലെന്നും നിവേദനത്തില്‍ പറയുന്നു. ശബരിമല പോലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ക്ഷേത്രജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍, അവരെ മാറ്റി പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് ചെയ്തത്. ഇക്കാരണത്താല്‍ അവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളൊന്നും അടച്ചിട്ടില്ല. കണ്ടെയ്‌മെന്റ് സോണില്‍പ്പെട്ട പലചരക്ക്, പച്ചക്കറി, ഹോട്ടലുകളിലെ പാഴ്‌സല്‍, ബേക്കറി എന്നിവയ്ക്ക് നിശ്ചിത സമയക്രമത്തില്‍ പ്രവര്‍ത്തിയ്ക്കാന്‍ അനുമതി നല്‍കാറുണ്ട്.
എന്നാല്‍ ഇന്നര്‍ റിങ്ങ്‌റോഡിലെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടാനാണ് ഉത്തരവുള്ളത്. ഈ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടാല്‍ ഭക്ഷണ സാധനങ്ങളെല്ലാം ഉപയോഗ ശൂന്യമാകുകയും, വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിയ്ക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ കണ്ടെയ്‌മെന്റ് സോണാക്കി പ്രഖ്യാപിച്ച ഇന്നര്‍ റിങ്ങ്‌റോഡിലെ പലചരക്ക്, പച്ചക്കറി, ഹോട്ടല്‍ പാഴ്‌സല്‍, ബേക്കറി എന്നീ സ്ഥാപനങ്ങള്‍ക്ക് നിശ്ചിതസമയം പാലിച്ച് തുറന്നുപ്രവര്‍ത്തിയ്ക്കാനുള്ള അനുമതിയെങ്കിലും നല്‍കണമെന്ന് ഗുരുവായൂര്‍ മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.എന്‍. മുരളി, ജനറല്‍ സെക്രട്ടറി റഹ്മാന്‍ തിരുനെല്ലൂര്‍ എന്നിവര്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.