ഗുരുവായൂര്‍ ജോയന്റ് ആര്‍.ടി.ഒ ഓഫീസ് ചോർന്നൊലിക്കുന്നു .
ഗുരുവായൂര്‍: ഗുരുവായൂര്‍ ജോയന്റ് ആര്‍.ടി.ഒ ഓഫീസ്, ചൊര്‍ന്നൊലിച്ച് മേല്‍ക്കൂരയുടെ പല ഭാഗങ്ങളും അടര്‍ന്നുവീഴാറായിട്ടും, നഗരസഭ അധികൃതര്‍ക്ക് അനക്കമില്ല. നഗരസഭയുടെ അസി: എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വന്ന് കാര്യങ്ങള്‍ മനസ്സിലാക്കി കെട്ടിടത്തിന്റെ ശോച്യാവസ്ഥയെകുറിച്ച് നഗരസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും, നഗരസഭ അധികാരികള്‍ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടുമില്ല. 40-വര്‍ഷത്തിലേറെ പഴക്കമുള്ള ഗുരുവായൂര്‍ നഗരസഭ കെട്ടിടത്തിലാണ് ഇപ്പോഴും ഗുരുവായൂര്‍ ആര്‍.ടി.ഒ ഓഫീസ് നിലനില്‍ക്കുന്നത്.
കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ അശാസ്ത്രീയമായ രീതിയില്‍ ഉറപ്പിച്ചതുകൊണ്ടാണ് ആര്‍.ടി.ഒ ഓഫീസ് ചൊര്‍ന്നൊലിച്ച് അടര്‍ന്നുവീഴാറായ അവസ്ഥയിലായത്. ഓഫീസിനകത്തെ വൈദ്യുതി ലൈന്‍ പോകുന്നിടമെല്ലാം നനഞ്ഞ് കുതിര്‍ന്ന നിലയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് വന്ന് വലിയൊരു ആപത്തിനും ഓഫീസ് സാക്ഷിയാകേണ്ട അവസ്ഥയും വിദൂരമല്ലാത്ത നിലയിലാണ് ഓഫീസിനകത്തെ വൈദ്യുതി ലൈനുകള്‍ നിലകൊള്ളുന്നത്. ദിനംപ്രതി നൂറുകണക്കിന് ഉപഭോക്താക്കളെത്തുന്ന ഗുരുവായൂര്‍ ആര്‍.ടി.ഒ ഓഫീസില്‍, ചോര്‍ച്ചയുടെ ഭാഗമായി ഓഫീസിലെത്തുന്ന ജീവനക്കാര്‍ ചോര്‍ന്നൊലിച്ച വെള്ളം മാറ്റിവേണം ദിവസവും ജോലിതുടങ്ങാനെന്ന അവസ്ഥയാണിപ്പോള്‍.
കഠിനമായ പേമാരിമൂലം ഈ വര്‍ഷം ആര്‍.ടി.ഒ ഓഫീസില്‍ ഉപയോഗശൂന്യമായത് രണ്ട് കംപ്യൂട്ടറുകളാണ്. കടലാസില്‍ സൂക്ഷിച്ചിട്ടുള്ള ഔദ്യോഗികമായ പലരേഖകളും നനഞ്ഞ് കുതിര്‍ന്ന അവസ്ഥയിലും. പലരേഖകളും ഇതുമൂലം നഷ്ടപ്പെട്ടതായി ഗുരുവായൂര്‍ ജോ: ആര്‍.ടി.ഓ: പി.എ. ദിനേശ്ബാബു പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പേമാരിയിലും, പ്രളയത്തിലുമായി ആര്‍.ടി.ഒ ഓഫീസില്‍ നഷ്ടപ്പെട്ടത് 17-കംപ്യൂട്ടറുകളാണ്. അടര്‍ന്നുവീഴാറായ മേല്‍ക്കൂരയ്ക്കുമീതെ ജീവന്‍ പണയപ്പെടുത്തിയാണ് ഉദ്യോഗസ്ഥരും, ജീവനക്കാരും ഇവിടെ ദിവസങ്ങള്‍ കഴിച്ചുകൂട്ടത്.