Madhavam header
Above Pot

സ്പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍; പ്രളയകാലത്തും സര്‍ക്കാരിന് ധൂര്‍ത്തെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനെന്ന പേരില്‍ ലക്ഷങ്ങള്‍ ശമ്പളം നിശ്ചയിച്ച് സ്പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിച്ച സര്‍ക്കാരിന്‍റെ നടപടി തികഞ്ഞ ധൂര്‍ത്തും അനാസ്ഥയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിലൂടെ പറഞ്ഞു. സംസ്ഥാനം വീണ്ടും വലിയ പ്രളയക്കെടുതിയുടെ നടുവിലാണ്. കഴിഞ്ഞ പ്രളയത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം പോലും ദുരന്ത ബാധിതരില്‍ പലര്‍ക്കും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഈ പ്രളയത്തില്‍ ദുരന്ത ബാധിതരായവര്‍ക്ക് ഇതുവരെ യാതൊരു സഹായങ്ങളും നല്‍കിത്തുടങ്ങിയിട്ടുമില്ല. എന്നിട്ടും ഒരു ലക്ഷത്തി പതിനായിരം രൂപ മാസശമ്പളം നല്‍കുന്ന ഒരു തസ്തിക തികച്ചും അനാവശ്യമായി സൃഷ്ടിച്ച് സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സ്പെഷ്യല്‍ ലെയ്‌സണ്‍ ഒഫീസറെ നിയമിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Astrologer

ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറല്‍ ഓഫീസും, അതിന് കീഴിലുള്ള 140 ഓളം സര്‍ക്കാര്‍ അഭിഭാഷകരും നിലനിക്കെയാണ് ഹൈക്കോടതിയിലെ കേസുകള്‍ക്കായി ഒരു സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് നിയോമപദേശം നല്‍കുക, ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കക്ഷിയായിരിക്കുന്ന കേസുകള്‍ നടത്തുകയും, അവയുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുക എന്നിവയാണ് അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും പ്രധാന കര്‍ത്തവ്യം. അതിനിടയില്‍ ലെയ്‌സണ്‍ ഓഫീസര്‍ എന്ന തസ്തികയുണ്ടാക്കി ധൂര്‍ത്ത് നടത്തുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.

അഡ്വക്കറ്റ് ജനറല്‍ ഓഫീസ് എന്ന ഭരണഘടനാ സ്ഥാപനത്തെയും, സര്‍ക്കാര്‍ തന്നെ നിയമിച്ച അഭിഭാഷകരെയും വിശ്വാസമില്ലാത്തത് കൊണ്ടാണോ പുതിയ തസ്തികസൃഷ്ടിച്ച് ഒരാളെ കുടിയിരുത്തിയതെന്ന് വ്യക്തമാക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല അഡ്വക്കറ്റ് ജനറലിനെ കൂടാതെ ഡോ. എന്‍ കെ ജയകുമാറിനെ നിയമോപദേശകനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചിട്ടുമുണ്ട്. ഡല്‍ഹിയില്‍ കേരളത്തിന്‍റെ ലെയ്‌സണ്‍ഓഫീസറായി മുന്‍ എം പി സമ്പത്തിനെ ക്യാബിനറ്റ് റാങ്കില്‍ ശമ്പളത്തോടെ നിയമിച്ച നടപടിക്ക് പിന്നാലെയാണ് ലക്ഷങ്ങള്‍ ശമ്പളം നല്‍കി ഹൈക്കോടതിയില്‍ ഒരു ലെയ്‌സണ് ഓഫീസറെ നിയമിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ന്യുഡല്‍ഹിയില്‍ കേരളാ ഹൗസില്‍ റസിഡന്‍സ് കമ്മീഷണറുടെ മേല്‍ നോട്ടത്തില്‍ 2007 മുതല്‍ ഒരു എം പി സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടന്ന് എം എല്‍ എമാരായ പി കെ അബ്ദുള്‍ റബ്ബ്, എം ഉമ്മര്‍, ഡോ. എം കെ മുനീര്‍ എന്നിവരുടെ ചോദ്യത്തിന് നിയമസഭയില്‍ സര്‍ക്കാര്‍ ഉത്തരം നല്‍കിയിരുന്നു. ഇത് നിലനില്‍ക്കെയാണ് വീണ്ടും മുന്‍ എം പി സമ്പത്തിന് കാബിനറ്റ് റാങ്കും ശമ്പളവും, ജീവനക്കാരുമായി പുതിയ നിയമനം നല്‍കിയത്. സംസ്ഥാനം പ്രളയക്കെടുതിയില്‍ നട്ടം തിരിയുകയും, സാമ്പത്തിക പ്രതിസന്ധിമൂലം കാര്യമായ സഹായങ്ങള്‍ ഒന്നും ദുരിതബാധിതര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിയാതിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ലക്ഷക്കണക്കിന് രൂപ പുതിയ തസ്തികകള്‍ നിര്‍മിച്ച് കൊണ്ട് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി

Vadasheri Footer