ഗുരുവായൂരിന്റെ വികസനം , ശോഭ ഡെവലപ്പേഴ്സുമായി ദേവസ്വം ധാരണ പത്രം ഒപ്പിട്ടു .
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വവും ശോഭ ഡെവലപ്പേഴ്സ് ലിമിറ്റഡും ഗുരുവായൂരിന്റെ വികസനത്തിനായി കൈകോർക്കുന്നു .ദേവസ്വം ഓഫീസിൽ നടന്ന ചർച്ചയെ തുടർന്ന് 11 വികസന പ്രവർത്തികളുടെ നിർമ്മാണത്തിനായി ധാരണാപത്രം കൈമാറിയതായി ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
.ബഡ്ജറ്റിൽ വിഭാവനം ചെയ്ത പദ്ധതികളിൽ പ്രധാനപ്പെട്ട 11 പ്രോജക്ടുകളുടെ ഡിസൈൻ ,സ്ട്രക്ചർ ,ഇ ലക്ട്രിക്കൽ ,പ്ലംബിംങ്ങ് വർക്കുകളുടെ രൂപരേഖ തയ്യാറാക്കി ദേവസ്വത്തിന് 6 മാസത്തിനകം സമർപ്പിക്കും. തികച്ചും സൗജന്യമായാണ് ശോഭ ഡെവലപ്പേഴ്സ് ഈ ജോലികൾ ചെയ്യുന്നത് .50 വർഷത്തെ വികസനത്തെ മുൻകൂട്ടി കണ്ടുള്ള രൂപരേഖയാണ് തയ്യാറാക്കുന്നത് .ക്ഷേത്ര കുളത്തിന് സമീപമുള്ള പൂതേരി ബംഗ്ലാവ് നിൽക്കുന്ന 80 സെന്റ് സ്ഥലത്ത് 2000 പേർക്ക് പ്രസാദ ഊട്ട് കഴിക്കുന്നതിനായി ഹാളും ‘ കിച്ചനും ,കാത്തു നിൽക്കുന്നതിനായി ക്യൂ കോംപ്ലക്സും നിർമ്മാണം ,ദേവസ്വത്തിലെ നൂറ് ജീവനക്കാർക്ക് താമസിക്കുന്നതിന് അപ്പാർട്ട്മെന്റ് രീതിയിൽ കോംപ്ലക്സ് എന്നിവ ഒരുക്കും .
വാദ്യ വിദ്യാലയം ,ചുമർചിത്ര പഠനകേന്ദ്രം ,വേദപാഠശാല ,കൃഷ്ണനാട്ടം കളരി ,ജ്യോതിഷപഠനകേന്ദ്രം എന്നിവ ഒരൊറ്റ കീഴിൽ ആക്കുക എന്ന ലക്ഷ്യത്തോടെ ക്ഷേത്ര കലാസമുച്ചയത്തിന് രൂപം നൽകും .അഡ്മിനിസ്റ്റർ ക്ക് പുതിയ വസതി നിർമ്മിക്കും .ഫയർ ഏന്റ് റെസ്ക്യൂ സർവീസിന് ബാച്ചിലേഴ്സ് ക്വാർട്ടേഴ്സിന് സമീപം സ്ഥലം നൽകും . കംഫർട്ട് സ്റ്റേഷനുകൾ നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കും.പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ പുന്നത്തൂർ കോട്ടയിലുള്ള കൊട്ടാരം പഴയ രീതിയിൽ നില നിർത്തി പുതുക്കി പണിയും .ആനകോട്ട മികച്ച നിലവാരത്തിൽ വിനോദ കേന്ദ്രമാക്കി മാറ്റും .ആനക്കോട്ടയിൽ മികച്ച മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കും .കാവീട്, വേങ്ങാട് ഗോശാല എന്നിവ പുനർനിർമ്മിക്കും .
തിരുവെങ്കിടം റെയിൽവെ സ്റ്റേഷനു സമീപത്തെ തിരുത്തിക്കാട്ട് പറമ്പിൽ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി സെന്റർ നിർമ്മിക്കും.ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് ശോഭ ഡെവലപ്പേഴ്സ് അഡ്വൈസർ എ.ആർ കുട്ടിയുമായി ധാരണാപത്രം ഒപ്പുവെച്ചു.ദേവസ്വം ഭരണസമിതി അംഗങ്ങളായ ഉഴമലയ്ക്കൽ വേണുഗോപാൽ ,പി .ഗോപിനാഥൻ ,എ വി പ്രശാന്ത് എം വിജയൻ കെ.കെ രാമചന്ദ്രൻ അഡ്മിനിസ്ട്രറ്റർ എസ്.വി ശിശിർ ,ശോഭ ഡെവലപ്പേഴ്സ് കമ്പിനി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ആർക്കിടെക്റ്റുമായ ഗീതാ നായർ , ജനറൽ മാനേജർ എം.എ നിശാന്ത്, കെ. മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു