ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കെതിരെ നോട്ടീസ് ,മുൻഭരണ സമിതി അംഗം കുഞ്ഞുണ്ണിക്ക് സസ്‌പെൻഷൻ.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മുൻ ഭരണ സമിതി അംഗം എൻ രാജുവിനെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ മറ്റൊരു മുൻ ഭരണ സമിതി അംഗത്തിന് കൂടി സസ്‌പെൻഷൻ . എൻ പീതാംബര കുറുപ്പ് ചെയർമാനായ ഭരണ സമിതിയിൽ ജീവനക്കാരുടെ പ്രതിനിധി ആയിരുന്ന കുഞ്ഞുണ്ണിയെ യാണ് ശനിയാഴ്ച ചേർന്ന ഭരണ സമിതി യോഗം സസ്‌പെന്റ് ചെയ്തത് .
ചെയർമാനെയും ഭരണ സമിതി അംഗങ്ങളെയും വ്യക്തി ഹത്യ നടത്തുന്ന രീതിയിൽ ദേവസ്വത്തിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ പേരിൽ കഴിഞ്ഞ ദിവസം നോട്ടീസ് ഇറക്കിയിരുന്നു .ഇത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് ഭരണ സമിതി വിലയിരുത്തി . ഗുരുവായൂർ ക്ഷേത്രത്തെ ബ്രൂവറീ ആക്കി മാറ്റ രുതെന്നാണ് നോട്ടീസിൽ പറഞ്ഞിരുന്നത് .കുഞ്ഞുണ്ണിയാണ് സംഘടനയുടെ സെക്രട്ടറി.
കുഞ്ഞുണ്ണിക്ക് പുറമെ മരാമത്ത് വിഭാഗം മാനേജർ ടി വി കൃഷ്ണദാസിനെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട് . ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കെട്ടിടം നിർമിക്കുമ്പോൾ നഗര സഭയുടെ അനുമതി വാങ്ങാതിരുന്നതിനാണ് കൃഷ്ണ ദാസിനെ സസ് പെന്റ് ചെയ്തത് . ദേവസ്വം അനധികൃതമായാണ് കെട്ടിടം നിർമിക്കുന്നതെന്ന് മലയാളം ഡെയ്‌ലി ഓൺ ലൈൻ ഉൾപ്പെടയുള്ള മാധ്യമങ്ങൾ വാർത്ത നല്കയതിനെ തുടർന്ന് നഗര സഭ സ്റ്റോപ്പ് മെമ്മോ നൽകി നിർമാണം നിറുത്തി വയ്പ്പിച്ചു . ക്ഷേത്രത്തിനു പുറത്ത് 100 മീറ്റർ ചുറ്റളവിൽ ഒരു വിധ നിർമാണവും നടത്തരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെയാണ് നഗര സഭയുടെ അനുമതിയില്ലാതെ തിരക്ക് പിടിച്ചു കെട്ടിടം നിർമിക്കാൻ ശ്രമിച്ചത് .
കഴിഞ്ഞ യുഡി എഫ് ഭരണ കാലത്ത് തങ്ങൾക്ക് ഇഷ്ടമില്ല എന്ന കാരണത്താൽ കോൺഗ്രസുകാരായ ജീവനക്കാരെ തിരഞ്ഞു പിടിച്ചു ദ്രോഹിക്കുന്നതിൽ ഏറെ താൽപര്യ മുള്ളവരായിരുന്നു അന്നത്തെ ഭരണ സമിതിയിൽ ജീവനക്കാരുടെ പ്രതിനിധിയായി വന്ന എൻ രാജുവും , കുഞ്ഞുണ്ണിയും എന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിച്ചു .പലരും സിപിഎമ്മിന്റെ യൂണിയനിൽ ചേർന്നാണ് രക്ഷപ്പെട്ടത് .ഇവരുമായി യുദ്ധത്തിലായിരുന്ന ഒരു വിഭാഗം ജീവനക്കാർ എൻ സി പി യൂണിയൻ ഉണ്ടാക്കി അതിലേക്ക് മാറി .കഴിഞ്ഞ അഞ്ചു വർഷത്തെ ദേവസ്വം ഭരണകൊണ്ട് ദേവസ്വത്തിലെ കോൺഗ്രസ് യൂണിയനെ നശിപ്പിച്ചു എന്നല്ലാതെ പാർട്ടിക്ക് ഒരു നേട്ടവും ഉണ്ടാക്കാൻ കഴിഞ്ഞില്ലയെന്ന ചില കോൺഗ്രസ് നേതാക്കളും ആരോപിച്ചു .