ഗുരുവായൂര്‍ ദേവസ്വത്തിലെ ഹാര്‍ഡ് ഡിസ്ക് മോഷണം, മൂന്ന്‍ പേര്‍ക്ക് സസ്പെന്‍ഷന്‍
ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഇലക്ട്രിക് വിഭാഗത്തിലെ കമ്പ്യൂട്ടറില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക് മോഷണം പോയ സംഭവത്തില്‍ വൈദ്യുതി വിഭാഗത്തിലെ മൂന്ന്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍ . അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.പി വിനോദ് കുമാർ, ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍ മാരായ കെ സതീഷ്കുമാർ .ജി.രാജേഷ് കുമാർ.എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത് എന്നറിയുന്നു .അതീവ സുരക്ഷ മേഖലയില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക് മോഷണം പോയത് ദേവസ്വം അധികൃതരെയും ഞെട്ടിച്ചിരുന്നു .
ദേവസ്വം ചെയര്‍മാനെതിരെ ഭരണ കക്ഷിയില്‍ പെട്ട വര്‍ പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ പരാതി അയച്ചിരുന്നു . യൂണിയന്‍ പറയുന്നതൊന്നും ചെയര്‍മാന്‍ അനുസരിക്കുന്നില്ല എന്നാരോപിച്ചാണ് പരാതി അയച്ചതത്രെ .ഇതിൻറെ അന്വേഷണം നടക്കുന്നതിനിടെയാണ് ഹാർഡ്ഡിസ്ക് മോഷണം പോയത്. അന്വേഷണത്തിനോടുവില്‍ പിടിക്കപ്പെടുമെന്ന് കരുതിയാണ് പരാതി അയക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് എടുത്ത് മാറ്റിയതെന്ന്‍ ആരോപണം ഉയര്‍ന്നിരുന്നു .പൂജ അവധി കഴിഞ്ഞു വന്ന പ്രവര്‍ത്തി ദിനത്തില്‍ കമ്പ്യുട്ടര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന്‍ കണ്ടതിനെ തുടര്‍ന്ന്‍ ടെക്നീഷ്യന്‍ വന്ന്‍ പരിശോധന നടത്തിയപ്പോഴാണ് ഹാര്‍ഡ് ഡിസ്ക് മോഷണം പോയ വിവരം അറിയുന്നത് . സംഭവത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം പോലിസ് അന്വേഷണം മന്ദീഭവിക്കുകയായിരുന്നുവത്രെ,
ഇടതു യൂണിയനില്‍ പെട്ട ഇവര്‍ കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയിലെ വിവാദ നായകനായിരുന്ന എന്‍ രാജുവിന്റെ ആശ്രിതരായിരുന്നു . രാജുവിനെതിരെ പുതിയ ഭരണ സമിതി നടപടി എടുക്കുന്നതിനെതിരെ നിലപാട് എടുത്ത ഇവരെ അവഗണിച്ച് ഭരണ സമിതി മുന്നോട്ട് പോയിരുന്നു , ഇതിനെതുടര്‍ന്ന്‍ ദേവസ്വം ചെയര്‍മാന് എതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി അയച്ച് അടുത്ത തവണയും ഇതേ ചെയര്‍മാനെ തന്നെ പാര്‍ട്ടി പരിഗണിക്കാതിരിക്കാന്‍ വേണ്ടിയുള്ള മുന്നൊരുക്കം കൂടിയായിരുന്നു നടത്തിയത് .