ബില്‍ക്കിസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം : സുപ്രീം കോടതി

">

ന്യൂഡല്‍ഹി∙ കുപ്രസിദ്ധമായ 2002-ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടമാനഭംഗത്തിനിരയാകുകയും കുടുംബം കൂട്ടക്കൊല ചെയ്യപ്പെടുകയും ചെയ്ത ബില്‍ക്കിസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു സുപ്രീംകോടതി. താമസിക്കാന്‍ ഇടമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ബില്‍ക്കിസ് ബാനുവിന് സര്‍ക്കാര്‍ ജോലിയും താമസസ്ഥലവും നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കി

കേസില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നാലു പേരുടെ പെന്‍ഷന്‍ തടഞ്ഞു. ഒരാളെ സര്‍വീസില്‍ തരംതാഴ്ത്തുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന സര്‍ക്കാര്‍ നിലപാട് നിരസിച്ചതിനു ശേഷമാണ് അന്വേഷണം അട്ടിമറിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബില്‍ക്കിസ് ബാനു കോടതിയിലെത്തിയത്.

2002 മാര്‍ച്ച് 3-ന് ഗോധ്രാനന്തര കലാപത്തില്‍ അഹമ്മദാബാദിനു സമീപത്തുള്ള രന്ധിക്പുരില്‍ വച്ചാണ് ബില്‍ക്കിസ് ബാനുവിന്റെ കുടുംബത്തെ ആള്‍ക്കൂട്ടം ആക്രമിച്ചത്. കുടുംബത്തിലെ 14 പേരെ കൊന്നു. ബില്‍ക്കിസ് ബാനുവിന്റെ മുന്നുവയസുള്ള മകള്‍ സലേഹയുടെ തല കല്ലില്‍ അടിച്ചാണു കൊന്നത്. ഗര്‍ഭിണിയായിരുന്ന ബാനുവിനെ കൂട്ടമാനഭംഗത്തിനിരയാക്കി. മരിച്ചെന്നു കരുതി അക്രമികള്‍ ഉപേക്ഷിച്ചതുകൊണ്ടു മാത്രമാണ് ബില്‍ക്കിസ് രക്ഷപ്പെട്ടത്. 2008-ല്‍ കേസിലെ 11 പ്രതികള്‍ക്കു മുംബൈ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Sponsors