സ്വർണ്ണക്കടത്തിൽ ശിവശങ്കറിന് പ്രധാന പങ്ക്’, തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്.
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സുപ്രധാന പങ്കെന്ന് കസ്റ്റംസ് റിപ്പോർട്ട്. കേസുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് കിട്ടിയെന്നും ഉന്നത പദവിയിലിരിക്കുന്ന ഒരാൾ ഇത്തരം കേസിൽ ഉൾപ്പെട്ടത് കേട്ടുകേൾവിയില്ലാത്തതാണെന്നും കസ്റ്റംസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാറിന്‍റെ ഭാവി പദ്ധതികളുടെ വിവരങ്ങൾ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ശിവശങ്കർ കൈമാറിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ റിമാൻഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെടുള്ള റിപ്പോർട്ടിലാണ് കസ്റ്റംസ് അന്വേഷണ പുരോഗതി അറിയിക്കുന്നത്. വിദേശത്ത് നിന്നുള്ള സ്വർണ്ണക്കടത്തിയതിൽ എം ശിവശങ്കർ നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.
രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന സംസ്ഥാന സർക്കാറിന്‍റെ പല പദ്ധതികളുടെയും വിവരം എം ശിവശങ്കർ സ്വർണണക്കടത്ത് കേസിലെ പ്രതികൾക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുമുണ്ട്. അതിനാൽ ശിവശങ്കറിന്‍റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. തുടർന്ന് കോടതി ഈമാസം 22 വരെ കസ്റ്റഡി നീട്ടി.