ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജെന്‍ഡര്‍ ഓഡിറ്റിന് തയ്യാറാകണം : ഡോ. മീനാക്ഷി ഗോപിനാഥ്
കൊച്ചി:ഉന്നത വിദ്യാഭ്യാസ രംഗത്ത് ലിംഗനീതി ഉറപ്പുവരുത്തുവാന്‍ ആശയവിനിമയത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നത് അനിവാര്യമാണെന്നും , സ്ത്രീകള്‍ ഇരയെന്ന പദവിയില്‍ നിന്നും പുറത്തുവരേണ്ടതുണ്ടെന്നും വിമെന്‍ ഇന്‍ സെക്യൂറിറ്റി, കോണ്‍ഫ്‌ളിക്റ്റ് മാനേജ്‌മെന്റമെന്റ് ആന്‍ഡ് പീസ് (WISCOMP) സ്ഥാപകയും ഡയറക്ടറുമായ ഡോ. മീനാക്ഷി ഗോപിനാഥ് അഭിപ്രായപ്പെട്ടു .
തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ ഫോര്‍ യൂണിവേഴ്‌സല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ സംരംഭമായ വിസ്‌കോംപിന്റെ സഹകരണത്തോടെ സെന്റ് തെരേസാസ് കോളേജില്‍ ‘ജെന്‍ഡര്‍ ഇക്വിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍: ട്രാന്‍സ്‌ഫോര്‍മേറ്റിവ് പാത്‌വേസ് ഇന്‍ ഹയര്‍ എഡ്യുക്കേഷന്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ശില്‍പശാലയുടെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരുടെ വ്യക്തിത്വങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികളിലും സ്ത്രീകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ചില പഴഞ്ചന്‍ ധാരണകള്‍ മാറ്റാന്‍ ജെന്‍ഡര്‍ ഓഡിറ്റ് അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജെന്‍ഡര്‍ ഓഡിറ്റിന് തയ്യാറാകണമെന്നും ഡോ. മീനാക്ഷി ഗോപിനാഥ് ആവശ്യപ്പെട്ടു.
മികച്ച നിലയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന സ്ത്രീകളില്‍ പലരും പിന്നീട് നിഷ്‌ക്രിയരാകുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച സെന്റ് തെരേസാസ് കോളേജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനിത പറഞ്ഞു. ഈ സ്ഥിതിക്ക് മാറ്റം വരേണ്ടതുണ്ട്. ലോക ജനസംഖ്യയില്‍ ഏതാണ്ട് തുല്യ നിരക്കിലുള്ള പുരുഷനും സ്ത്രീയും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് പരിഷ്‌കൃത സമൂഹം പൂര്‍ണമാകുന്നതെന്നും അവര്‍ പറഞ്ഞു. സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ലത നായര്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന സെഷനുകളില്‍ ഇന്ത്യയിലെ വനിതകളും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഹ്യൂമന്‍ സയന്‍സസ് ഡീന്‍ ഡോ. കൃഷ്ണാ മേനോനും ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഘടനാ മാറ്റങ്ങളെ നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള ഉപയോഗപ്രദമായ ഉപകരണമെന്ന നിലയില്‍ ജെന്‍ഡര്‍ ഓഡിറ്റ് എന്ന വിഷയത്തില്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെയും ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റിയിലെയും പ്രൊഫസറായ ഡോ. ക്രിസ്റ്റി കെല്ലിയും പ്രഭാഷണം നടത്തി.