സൗജന്യ വീട് നിര്‍മ്മാണത്തിന് പഞ്ചായത്ത് തടസ്സം നില്‍ക്കരുത് : മനുഷ്യാവകാശ കമ്മീഷൻ

">

തൃശൂർ : സ്വന്തം പേരിലുള്ള 33 സെന്‍റില്‍ നിര്‍ദ്ധനരായ 5 പേര്‍ക്ക് 600 സ്ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മ്മിച്ച് നല്‍കാനുള്ള വിമുക്ത ഭടന്‍റെ താത്പര്യം നിയമാനുസരണം പരിശോധിച്ച് കാലതാമസം കൂടാതെ അനുമതി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കെട്ടിട നിര്‍മ്മാണത്തില്‍ അവണൂർ ഗ്രാമപഞ്ചായത്ത് തടസ്സം നില്‍ക്കുകയാണെന്നാരോപിച്ച് തങ്ങാലൂര്‍ സ്വദേശി വര്‍ഗീസ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അംഗം പി മോഹനദാസിന്‍റെ ഉത്തരവ്.

പരാതിക്കാരന്‍ ഇന്ത്യന്‍ ആര്‍മി സര്‍വീസില്‍ നിന്നും വിരമിച്ച വ്യക്തിയാണ്. അനാഥനായി വളര്‍ന്ന പരാതിക്കാരന്‍ ശമ്പളത്തിലും പെന്‍ഷനിലും മിച്ചംപിടിച്ച തുക കൊണ്ടാ ണ്കിടപ്പാടം ഇല്ലാത്ത 5 പേര്‍ക്ക് 3 സെന്‍റും 600 സ്ക്വയര്‍ ഫീറ്റ് വീടും സംഭാവന ചെയ്യാന്‍ തീരുമാനിച്ചത്.കെട്ടിട നിര്‍മ്മാണത്തിന്‍റെ അനുമതിക്കായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും നിയമത്തിന്‍റെ കുരുക്കില്‍പ്പെടുത്തി തന്നെ അനാവശ്യമായി കഷ്ടപ്പെടുത്തുകയാണെന്നാണ് പരാതി.

കമ്മീഷന്‍ അവണൂർ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. പരാതിക്കാരന്‍ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓവര്‍സീയറുടെ റിപ്പോര്‍ട്ട് പ്രകാരം പരാതിക്കാരന്‍ സമര്‍പ്പിച്ച അപേക്ഷ കെട്ടിട നിര്‍മ്മാണ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. കെട്ടിട നിര്‍മ്മാണ നിയമ പ്രകാരം 10 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടത്തിന് 3 മീറ്റര്‍ അളവില്‍ ഉമ്മറവും മഴവെള്ള സംഭരണിയും വേണം. നിര്‍ദ്ദിഷ്ട കെട്ടിടങ്ങളിലേക്കുള്ള വഴി സൗകര്യം പ്ലാനില്‍ വ്യക്തമാക്കിയിരിക്കണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിച്ച് നല്‍കുമ്പോള്‍ പഞ്ചായത്തില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. സൗജന്യമായി കെട്ടിടം പണിത് നല്‍കുകയാണെങ്കില്‍ അതിന്‍റെ രേഖകള്‍ ഹാജരാക്കണമെന്നും റിപ്പോര്‍ ട്ടില്‍ പറയുന്നു.

കച്ചവട സ്ഥാപനത്തിനു വേണ്ടി യുള്ള കെട്ടിടത്തിന്‍റെ അനുമതിക്കല്ല പരാതിക്കാരന്‍ പഞ്ചായത്തിനെ സമീപിച്ചതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ പ്ലാനും മറ്റ് രേഖകളും ഹാജരാക്കുന്ന മുറക്ക് പരാതിക്കാരന് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള അനുവാദം ലഭ്യമാക്കണമെന്ന്കമ്മീഷന്‍ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Sponsors