കാലവർഷക്കെടുതി , ജില്ലയിൽ രണ്ട് മരണം; 18,684 പേർ ദുരിതാശ്വാസ ക്യാമ്പിൽ
തൃശൂർ : ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ രണ്ടു പേർ മുങ്ങിമരിച്ചു. വീടുകളിൽ വെള്ളം കയറി 18,684 പേർ ദുരിതാശ്വാസ ക്യാമ്പിലാണ്. ചാലക്കുടി താലൂക്കിൽ കൊന്നക്കുഴി കോലങ്കണ്ണി വീട്ടിൽ വിൽസന്റെ മകൻ പ്ലസ്ടു വിദ്യാർഥി കെ.വി. ജോജോ (17), മുകുന്ദപുരം താലൂക്കിൽ തൊട്ടിപ്പാൾ കാരുകുറ്റി വീട്ടിൽ ദേവദാസ് (70) എന്നിവരാണ് മുങ്ങിമരിച്ചത്. 149 ക്യാമ്പുകളിലായി 5291 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഇതിൽ 7817 പുരുഷൻമാരും 8340 സ്ത്രീകളും 2527 കുട്ടികളുമുണ്ട്. താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരം. ക്യാമ്പുകളുടെ എണ്ണം, കുടുംബങ്ങൾ, ആകെ അംഗങ്ങൾ, പുരുഷൻ, സ്ത്രീ, കുട്ടികൾ എന്ന ക്രമത്തിൽ: ചാലക്കുടി: 37-1874-7397-3219-3455-723. തൃശൂർ: 25-671-2201-932-940-329. കുന്നംകുളം: 4-47-154-56-51-47. കൊടുങ്ങല്ലൂർ: 32-1721-5620-2331-2488- 801. ചാവക്കാട്: 4-303-922-350-428-144. മുകുന്ദപുരം: 26-278-980-376-391-213. തലപ്പിള്ളി: 21-397-1410-553-587-270.
കനത്തമഴയിലും കാറ്റിലും പെട്ട് പൊയ്യ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ പ്ലാവുങ്ങൽ കാർത്തികേയന്റെ മകൻ ഷൈജുവും കുടുംബവും താമസിച്ചിരുന്ന ഓട് വീട് തേക്ക്മരം വീണ് തകർന്നു. കഴിഞ്ഞ വെള്ളപ്പൊക്ക കാലത്ത് തെങ്ങ് വീണ് തകർന്ന വീട് അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കി താമസിച്ചുവരികയായിരുന്നു. കുടുംബത്തെ വാടക വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു.
പൊയ്യ കമ്പനിപ്പടി മാള റോഡിൽ ചേരുന്ന താഴ്‌വാരം റോഡ് കനത്ത മഴയിൽ ഇടിഞ്ഞ് തകർന്നു. റോഡിന്റെ കിഴക്കുഭാഗം 15 മീറ്ററോളം താഴ്ന്ന പ്രദേശമാണ്. ഇവിടേക്കാണ് റോഡ് ഇടിഞ്ഞത്. 12 കുടുംബങ്ങൾ റോഡിന് താഴെ താമസിക്കുന്നുണ്ട്. മണ്ണിടിച്ചിൽ ഭീഷണി ഉള്ള കുരിശിങ്കൽ പാപ്പച്ചന്റെ കുടുംബത്തോട് ക്യാമ്പിലേക്ക് മാറാൻ നിർദേശം നൽകി.
മഴക്കെടുതി മൂലം ദുരിതത്തിലായവരെ സഹായിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ അവശ്യ വസ്തുസംഭരണ കേന്ദ്രങ്ങൾ തുറക്കുന്നു. കളക്്ടറേറ്റിലും വനിതാ ഇൻഡോർ സ്‌റ്റേഡിയത്തിലുമാണ് സംഭരണ കേന്ദ്രങ്ങൾ തുറക്കുക. അവശ്യ സാധനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ ഈ രണ്ട് കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ: ബെഡ് ഷീറ്റുകൾ, പുൽപ്പായകൾ, ദരി, സാരി, ലുങ്കി, മുണ്ട്, നൈറ്റി, അടിവസ്ത്രങ്ങൾ, തോർത്ത് മുണ്ട്, സാനിറ്ററി നാപ്കിൻ, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ഡയപർ, ടോർച്ച്, ബാറ്ററി, ചെരിപ്പുകൾ, കൊതുക് നശീകരണി, മെഴുകുതിരി, തീപ്പെട്ടി, കുളിസോപ്പ്, പുതിയ വസ്ത്രങ്ങൾ.
അതേസമയം മഴ കനത്ത സാഹചര്യത്തിൽ ജില്ലയിൽ ഇനി അറിയിപ്പുണ്ടാവുന്നതുവരെ എല്ലാ തരത്തിലുള്ള ക്വാറി പ്രവർത്തനങ്ങളും നിരോധിച്ചതായി ദുരന്ത നിവാരണ സമിതി ചെയർമാനായ ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.