വിവാദത്തിനൊടുവിൽ സാലറി ചലഞ്ചിൽ പിരിഞ്ഞ തുക കെ എസ് ഇ ബി കൈമാറി
തിരുവനന്തപുരം: വിവാദത്തിനൊടുവിൽ പ്രളയദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം കെഎസ്‌ഇബി സര്‍ക്കാരിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വൈദ്യുതി മന്ത്രി എംഎം മണിയാണ് ചെക്ക് കൈമാറിയത്. 132. 26 കോടി രൂപയാണ് സര്‍ക്കാരിന് നല്‍കിയതെന്ന് മന്ത്രി എംഎം മണി പറഞ്ഞു.പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള സാലറി ചാലഞ്ചിന്റെ ഭാഗമായി ജീവനക്കാരില്‍നിന്നും പെന്‍ഷന്‍കാരില്‍നിന്നും വൈദ്യുതി ബോര്‍ഡ് പിരിച്ച 132.46 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറാതിരുന്നത് വിവാദമായിരുന്നു.
മാര്‍ച്ച് 31 വരെ 102.61 കോടി രൂപ പിരിച്ചിട്ടുണ്ടെന്നും, തുക അതതു മാസം ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ബോര്‍ഡ് അറിയിച്ചതോടെയാണു വിവാദത്തിന്റെ തുടക്കം. ഇതുള്‍പ്പെടെ, കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെ 10 മാസം കൊണ്ടു പിരിച്ച 132.46 കോടി നല്‍കാനുണ്ട്. പിരിച്ചതില്‍ 10.23 കോടി മാത്രമാണു ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയതെന്ന് ബോര്‍ഡ് ഫിനാന്‍സ് ഓഫിസര്‍ അറിയിച്ചിരുന്നു. ഇതു ചര്‍ച്ചയായതോടെ, ഇന്നു മൂന്നിനു തുക മുഖ്യമന്ത്രിക്കു കൈമാറുമെന്നു വൈദ്യുതി മന്ത്രി എം.എം. മണി അഭിപ്രായപ്പെട്ടിരുന്നു.
നേരത്തേ ബോര്‍ഡിന്റെ വിഹിതമായി 36.2 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയിരുന്നു. ജല അതോറിറ്റിയുടെ 331.67 കോടി രൂപ വൈദ്യുതി ബില്‍ കുടിശിക ഉള്‍പ്പെടെ ബോര്‍ഡിനു സര്‍ക്കാര്‍ 541.79 കോടി നല്‍കാനുണ്ട്. ഒക്ടോബര്‍ ആകുമ്ബോഴേക്കും വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിന് 200 കോടി രൂപയുടെ കമ്മി നേരിടുമെന്നു കണക്കാക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ തുക കൈമാറ്റം വൈകിക്കുകയായിരുന്നുവെന്നാണു വിവരം.