
ഫ്ളൈറ്റ് നേരത്തെ പോയതിനാൽ യാത്ര മുടങ്ങി,എയർ ഇന്ത്യ 35,000 രൂപ നൽകണം .

തൃശൂർ : ഫ്ളൈറ്റ് നേരത്തെ പോയി, യാത്ര മുടങ്ങിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ കുറുമാൽ സ്വദേശി വടക്കൻ വീട്ടിൽ ഫ്രിൻ്റോ, ഭാര്യ രഹ്ന ഫ്രിൻ്റോ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്.
ഹർജിക്കാർ ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഫ്ളൈറ്റിലാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നതു്. ഉച്ചതിരിഞ്ഞ് 4.35ന് പുറപ്പെടേണ്ടിയിരുന്ന ഫ്ളൈറ്റ് നേരത്തെ 2.30 ന് പോവുകയായിരുന്നു. ഈ സാഹചര്യത്തിൽ ഹർജിക്കാരന് കൂടുതൽ തുക മുടക്കി അടുത്ത ദിവസം യാത്ര ചെയ്യേണ്ടി വന്നിട്ടുള്ളതാകുന്നു. ഫ്ളൈറ്റ് പുറപ്പെടേണ്ട സമയം നേരത്തെയാക്കി ക്രമീകരിച്ചുവെന്നും ആയത് അറിയിച്ചിരുന്നുവെന്നുമായിരുന്നു എയർലൈൻസിൻ്റെ വാദം.
എന്നാൽ അറിയിച്ചത് സംബന്ധമായി യാതൊരു രേഖയും എതിർകക്ഷി ഹാജരാക്കുകയുണ്ടായില്ല. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ സേവനത്തിലെ വീഴ്ചയും ഹർജിക്കാരന് സംഭവിച്ച ബുദ്ധിമുട്ടുകളും പരിഗണിച്ച് നഷ്ടപരിഹാരമായി 25,000 രുപയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.
