പ്രവാസികളുടെ ആശങ്കകൾക്ക് അറുതി , എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി : പതിനെട്ട് രാജ്യങ്ങളിലെ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ജനുവരി ഒന്ന് മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. ഇന്ത്യയില്‍ വന്ന് മടങ്ങിപോകുന്നവർ 21 ദിവസത്തിന് മുൻപ് മുതല്‍ 24 മണിക്കൂറിനുള്ളില്‍ വരെയായിരുന്നു രജിസ്ട്രേഷന്റെ സമയം. ഇ മൈഗ്രേറ്റ് പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ.
സാധാരണ ഗതിയില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത പാസ്‌പോര്‍ട്ട് ഉടമകള്‍ക്കായിരുന്നു ഇത് നിര്‍ബന്ധമാക്കിയിരുന്നത്. അതാണ് ഇപ്പോള്‍ നിര്‍ബന്ധമല്ലെന്ന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ താല്പര്യമുള്ള പ്രവാസികള്‍ക്ക് സ്വമേധയാ രജിസ്റ്റര്‍ ചെയാമെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു . സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.
ഇന്ത്യയില്‍ നിന്നു വിവിധ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നവരെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനായിട്ടാണ് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. സൗദി, യുഎഇ, ഖത്തര്‍ അടക്കം പതിനെട്ടുരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവരുമായ (ഇസിഎന്‍ആര്‍) മുഴുവന്‍ പാസ്പോര്‍ട്ട് ഉടമകളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച നിര്‍ദ്ദേശം.
ജനുവരി മുതല്‍ ഇ മൈഗ്രേറ്റ് സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്റ്റ്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് വിദേശങ്ങളിലേക്ക് പോകാന്‍ സാധിക്കില്ലെന്നും. നിലവില്‍ ജോലി നോക്കുന്ന പ്രവാസികള്‍ക്കും പുതിയ വിസയില്‍ ജോലിക്കു പോകുന്നവര്‍ക്കും ജനുവരി ഒന്നു മുതല്‍ ഇ-മൈഗ്രേറ്റ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയെന്നുമാണ് അറിയിച്ചിരുന്നതെങ്കിലും ഇപ്പോള്‍ കേന്ദ്രം തന്നെ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതൊന്നും തന്നെ നിലനില്‍ക്കുകയുമില്ല.