സംസ്ഥാന സർക്കാരിനെതിരെ ഗുരുവായൂരിൽ ആഞ്ഞടിച്ച സി എൻ ജയദേവന് എം പി ഇനി വെറും കാഴ്ചക്കാരൻ
തൃശൂർ : സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച എം പി സി എൻ ജയദേവന് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ അവഗണന . ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ജയദേവന് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് മാത്രമല്ല, സ്വാഗതം പറഞ്ഞ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ് ജയദേവന് സ്വാഗതവും പറഞ്ഞില്ല, രാജ്യത്തെ തന്നെ സിപിഐയുടെ ഏക എംപി കൂടിയായ ജയദേവന്റെ പേരു പോലും സെക്രട്ടറി പരാമര്‍ശിച്ചില്ല.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ പി രാജേന്ദ്രനും, സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്ണനും, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനും, മന്ത്രിമാരായ വി എസ് സുനില്‍കുമാറിനും, രവീന്ദ്രനാഥിനും സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിനുമൊപ്പം മുന്‍ നിരയിലാണ് സി എന്‍ ജയദേവന്‍ ഇരിപ്പുറപ്പിച്ചിരുന്നത്. കാനം രാജേന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം സിപിഎം നേതാവ് ബേബി ജോണും പിന്നീട് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസും പ്രസംഗിച്ചു. സംസാരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് മനസ്സിലാക്കിയാവണം ഉടന്‍ തന്നെ ജയദേവന്‍ വേദി വിട്ടിറങ്ങി. തൃശൂരില്‍ വീണ്ടും മല്‍സരിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്ന ജയദേവനെ ഞെട്ടിച്ചാണ് സിപിഐ സംസ്ഥാന നേതൃത്വം ജനയുഗം എഡിറ്റര്‍ കൂടിയായ രാജാജി മാത്യു തോമസിന് അവസരം നല്‍കിയത്.
സിപിഎമ്മിനെതിരെ ഇടക്കിടെ ആഞ്ഞടിച്ചിരുന്ന ജയദേവനെ ഇത്തവണ മല്‍സരിപ്പിക്കരുതെന്ന് സിപിഎമ്മും സിപിഐ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഗുരുവായൂര്‍ വികസന സെമിനാറില്‍ ഗുരുവായൂര്‍ മേല്‍പ്പാല നിര്‍മ്മാണത്തില്‍ വീഴ്ച വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് പ്രസംഗിച്ച് ജയദേവന്‍ പാര്‍ട്ടിക്കും മുന്നണിക്കുമെതിരേ ആഞ്ഞടിച്ചിരുന്നു. പ്രസംഗം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സിപിഎം പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ജയദേവന്റെ പ്രസംഗം സിപിഐയേയും ഞെട്ടിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കെ നിലവിലെ എംപി കൂടിയായ ജയദേവന്‍ നടത്തിയ പ്രസംഗം പാര്‍ട്ടിക്ക് പണി തന്നതാണെന്ന വിശ്വാസത്തില്‍ തന്നേയാണ് സിപിഐ നേതൃത്വം. ജയദേവനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയില്‍ ഒരു വിഭാഗം രംഗത്തെത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇതു സംബന്ധിച്ച നടപടിയെടുക്കാമെന്നാണ് നേതൃത്വം നല്‍കിയിട്ടുള്ള ഉറപ്പ്.